bridge

അടിമാലി: കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടി നെടിയാനിത്തണ്ട് മുക്കുടം റോഡിലെ കൈത്തറിപ്പടി പാലത്തിന്റെ കൽക്കെട്ട് അപകടാവസ്ഥയിൽ.കൽകെട്ടിന്റെ ഭാഗമായുണ്ടായിരുന്ന കല്ലുകൾ ചുവട്ടിൽ നിന്നും ഒഴുകി പോയതോടെയാണ് കൽകെട്ടിന് ബലക്ഷയം സംഭവിച്ചത്.പാലത്തിന്റെ ഒരു വശത്തെ കൽക്കെട്ടിന്റെ ചുവട് ഭാഗം ഏറെക്കുറെ പൂർണ്ണമായി തന്നെ ഒഴുകി പോയി കഴിഞ്ഞു.കീഴ് ഭാഗം പൊള്ളയായതോടെ കെട്ടിന്റെ ഭാഗമായുണ്ടായിരുന്ന കല്ലുകൾ അടർന്ന് വെള്ളത്തിൽ പതിച്ച് തുടങ്ങി.കൈത്തോട്ടിൽ വെള്ളമുയർന്നാൽ കൽക്കെട്ട് കൂടുതലായി ഇടിയാൻ സാദ്ധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.പ്രദേശത്തെ നിരവധിയായ കുടുംബങ്ങൾ ആശ്രയിച്ച് വരുന്ന പാതയിലെ പാലത്തിനാണ് കേടുപാടുകൾ വന്നിട്ടുള്ളത്.പാലത്തിന് ചുവട് ഭാഗം ബലപ്പെടുത്തിയില്ലെങ്കിൽ കൂടുതൽ ബലക്ഷയത്തിനും തകർച്ചക്കുമത് വഴിയൊരുക്കും.പാലത്തോട് ചേർന്നുള്ള പ്രദേശത്തെ സംരക്ഷണ ഭിത്തിയും കഴിഞ്ഞ മഴക്കാലങ്ങളിൽ തകർന്നിരുന്നു.വിഷയത്തിൽ പ്രശ്‌നപരിഹാരം വേണമെന്ന ആവശ്യം സമീപവാസികൾ മുമ്പോട്ട് വയ്ക്കുന്നു.