ചങ്ങനാശേരി: ചങ്ങനാശേരി മേഖലയിൽ ആശ്വാസമായി രോഗകളുടെ എണ്ണം കുറയുന്നു. മേഖലയിൽ ക്ലസ്റ്ററായിരുന്ന പായിപ്പാട് പഞ്ചായത്തിൽ 68 പേരെ പരിശോധയ്ക്ക് വിധേയരാക്കിയെങ്കിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് പേർ രോഗമുക്തരായി. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധന പൂർത്തിയായി. തുടർന്ന് രോഗലക്ഷണമുള്ളവരെ മാത്രമേ പരിശോധയ്ക്ക് വിധേയരാക്കുകയുള്ളൂ തൃക്കൊടിത്താനം പഞ്ചായത്തിൽ രോഗം നിയന്ത്രണ വിധേയമാണ്. ഇന്നലെ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 15 വാർഡ് കണ്ടെയ്ൻമെന്റ് സോണായി തുടരും. കുറിച്ചിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതിൽ ഒരാൾ വിദേശത്ത് നിന്നെത്തിയതാണ്. പഞ്ചായത്തിലെ 4, 20 വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളായി തുടരും. മാടപ്പള്ളി പഞ്ചായത്തിൽ ഇന്നലെ നടന്ന പരിശോധനയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 18ാം വാർഡ് കണ്ടെയ്ൻമെന്റ് സോണാണ്. വാഴപ്പള്ളി പഞ്ചായത്തിൽ 101 പേരെ പരിശോധയ്ക്ക് വിധേയരാക്കി. പോസിറ്റീവ് കേസുകളില്ല. 2 പേർ രോഗമുക്തരായി. 7, 11, 12,17, 20 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. പരിശോധന അടുത്ത ദിവസം തുടരും. ചങ്ങനാശേരി നഗരസഭയുടെ കീഴിൽ ജനറൽ ആശുപത്രിയിൽ 69 പേരെ പരിശോധയ്ക്ക് വിധേയമാക്കി. നാല് പേർ രോഗമുക്തരായി. 24, 31,33,37 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.