കോട്ടയം: കൊവിഡ് രോഗി എത്തിയ കുടയംപടി ഷാപ്പിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ കടകൾ രണ്ടു ദിവസം അടച്ചിടാൻ നിർദേശം. ഇന്നും നാളെയും കുടമാളൂർ, പാണ്ഡവം, കുടയംപടി, വാരിശേരി എന്നിവിടങ്ങളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്. തുറക്കുന്ന ദിവസങ്ങളിൽ ഈ സ്ഥാപനങ്ങൾ വൈകിട്ട് അഞ്ചു വരെ മാത്രമേ തുറക്കാവൂ എന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കുടമാളൂർ, കുടയംപടി, അയ്മനം പാണ്ഡവം പ്രദേശങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ആരോഗ്യ വകുപ്പും പഞ്ചായത്തും തീരുമാനിച്ചു.