കോട്ടയം: റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന സഹജീവിയെ ആശുപത്രിയിലെത്തിക്കാതെ കണ്ടു നിന്ന മലയാളി കാണുക, ഈ മിണ്ടാപ്രാണിയുടെ സ്നേഹവും കരുതലും. കറുകച്ചാൽ പരിയാരം അഞ്ചേരിയിൽ നിന്നാണ് ഈ നല്ല മാതൃക.
ഇന്നലെ രാത്രി എട്ടു മണിക്ക് കോട്ടയം - കോഴഞ്ചേരി റോഡിൽ പരിയാരം അഞ്ചേരിയിൽ പോമറേനിയൻ ഇനത്തിൽപ്പെട്ട രണ്ട് നായ്‌ക്കുട്ടികളിൽ ഒന്ന് റോഡ് കുറുകെ കടക്കുന്നതിനിടെ വണ്ടിയിടിച്ചു ചത്തു. ഇത് കണ്ട് ഓടിയെത്തിയ മറ്റേ നായ ചത്തു കിടന്ന നായയുടെ ശരീരം റോഡിനു നടുവിൽ നിന്ന് അരികിലേയ്‌ക്കു കടിച്ചു മാറ്റിയിട്ടു. ചലനമറ്റു കിടന്ന നായുടെ സമീപത്ത് ഇരുന്ന് മറ്റേ നായ, കരഞ്ഞു വിളിച്ചുകൊണ്ടിരുന്നു.
മൃതശരീരത്തിൽ നക്കിയും തലോടിയും ജീവൻ വയ്‌പ്പിക്കാനായിരുന്നു അതിന്റെ വിഫലശ്രമം. അടുത്തു കൂടിയ നാട്ടുകാരിൽ ചിലർ, നായയെ സ്ഥലത്തു നിന്നും മാറ്റി മൃതശരീരം അടക്കം ചെയ്യാൻ ശ്രമിച്ചു. എന്നാൽ, മറ്റേത് പിൻമാറിയില്ല. ബിസ്ക്കറ്റും പാലും വെള്ളവും നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും പെട്ടെന്നൊന്നും നടന്നില്ല. ഏറെ പരിശ്രമിച്ച ശേഷമാണ് ചത്ത നായയെ അടക്കം ചെയ്യാനായത്.