kalar-mankulam-raod

അടിമാലി: രണ്ട് ദിവസമായി അടിമാലിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ.ശക്തമായ കാറ്റിനെത്തുടർന്ന് പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു.കല്ലാർ മാങ്കുളം റോഡിൽ നിരവധി സ്ഥലത്ത് മരങ്ങൾ നിലംപതിച്ച് ഗതാഗതം തടസ്സപ്പെട്ടു.പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകർന്നു.അടിമാലി ഫയർഫോഴ്‌സ് യൂണിറ്റെത്തി മരങ്ങൾ മുറിച്ച് നീക്കി.നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് പുറത്തേക്ക് വെള്ളമൊഴുക്കുകയാണ്.തിങ്കളാഴ്ച്ച വൈകിട്ട് ഒരു ഷട്ടറായിരുന്നു ആദ്യം ഉയർത്തിയത്.ചൊവ്വാഴ്ച്ച രാവിലെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി ജലനിരപ്പ് നിയന്ത്രിച്ചു.അടിമാലി അമ്പലപ്പടിയിൽ മരച്ചില്ല ഒടിഞ്ഞ് ചാടി വൈദ്യുതി ലൈനുകൾ പൊട്ടി വീണു. അടിയന്തിര സാഹചര്യത്തിൽ കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകൾ തയ്യാറാക്കാൻ അടിമാലി ഗ്രാമപഞ്ചായത്ത് നടപടികൾ ആരംഭിച്ചു.രാജാക്കാട് മേഖലയിലും കനത്തനാശമാണ് സംഭവിച്ചിട്ടുള്ളത്.കൃഷിനാശത്തിനൊപ്പം വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു.ഹൈറേഞ്ച് മേഖലയിലെ പുഴകളിലും കൈത്തോടുകളിലുമെല്ലാം ജലനിരപ്പ് ഉയർന്നു.