കാഞ്ഞിരപ്പള്ളി:കേരളത്തിന്റെ ഗ്രാമീണമേഖലയിലെ മുഴുവൻ ജനങ്ങൾക്കും ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനം കേരളത്തിലുണ്ടെന്നും അത്യാധുനീക രീതിയിൽ കുടുംബാരോഗ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഓൺലൈൻ വഴി ഇടക്കുന്നം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇടക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രമാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്.83.50 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്.ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് കെട്ടിടം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പി.സി.ജോർജ്ജ് എം.എൽഎ.അറിയിച്ചു.നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.അധികമായി ഒരു ഡോക്ടറുടേയും ഒരു നഴ്‌സിന്റേയും സേവനം ലഭിക്കും. ജില്ലാപഞ്ചായത്ത് വിതരണം ചെയ്യുന്ന കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ്,വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്,അംഗങ്ങളായ ഷേർലി തോമസ്,മാർട്ടിൻ തോമസ് എന്നിവർ പ്രസംഗിച്ചു.