ചങ്ങനാശേരി: കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗികളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരുടെ പരിശോധനകൾ പൂർത്തിയായി. പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിൽ നടന്നുവന്നിരുന്ന ആന്റിജൻ പരിശോധനയാണ് പൂർത്തിയായത്. ചങ്ങനാശേരിയിലും മാടപ്പള്ളിയിലും പരിശോധനകൾ തുടരും. പുതുതായി രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രമേ തുടർ പരിശോധനകൾ നടത്തുകയുള്ളൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ ഇതുവരെ 150 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 150 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ കുറിച്ചി പഞ്ചായത്തിൽ നാല് കേസുകൾ പോസിറ്റീവായി. തൃക്കൊടിത്താനം പഞ്ചായത്തിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരാൾ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. രണ്ടാമത്തെയാൾ ബാംഗ്ലൂരിൽ നിന്നെത്തി നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നയാളാണ്. മാടപ്പള്ളി പഞ്ചായത്തിൽ 26 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ എട്ടു പേരെ കൂടുതൽ പരിശോധയ്ക്കായി ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർ വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നും എത്തിയവരാണ്. ഒരാൾക്ക് ഇന്നലെ പോസിറ്റീവ് സ്ഥിരീകരിച്ചു.