raf

കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ഒളശ ഗവ.എൽ.പി സ്‌കൂളിലെ അദ്ധ്യാപകൻ ടി.രാഹുൽ ഒരുക്കിയ ഡിജിറ്റൽ നോട്ട്ബുക്ക് ശ്രദ്ധേയമാകുന്നു. എന്റെ നോട്ട് ബുക്കെന്ന പേരിൽ തുടങ്ങിയ ഡിജിറ്റൽ നോട്ട്ബുക്ക് അദ്ധ്യാപക രക്ഷകർത്തൃ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായി. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ് ബെൽ ' ഓൺലൈൻ ക്ലാസുകളുൾക്കുള്ള തുടർ പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിക്കി. ഇങ്ങനെ നൽകുന്ന തുടർപ്രവർത്തനങ്ങൾ അതത് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ നൽകി. എന്നാൽ ചില പരിമിതികൾ കാരണം സമയബന്ധിതമായി കുട്ടികൾക്ക് പ്രവർത്തനങ്ങൾ ചെയ്തു തീർക്കാനാകാതെ വന്നപ്പോഴാണ് 'എന്റെ നോട്ട്ബുക്കിന്റെ ഉദയം. ഓരോ പാഠഭാഗവും തീരുന്ന മുറയ്ക്ക് നൽകുന്ന വർക്ക് ഷീറ്റുകളും അവയ്ക്ക് കുട്ടികൾ കണ്ടെത്തിയ ഉത്തരങ്ങളും ഉൾപ്പെടുത്തി തെറ്റുതിരുത്തിയ ശേഷം , മികച്ച ഉത്തരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഡിജിറ്റൽ നോട്ട്ബുക്ക് നിർമിച്ചത്. തുടക്കത്തിൽ മലയാളം - ഇംഗ്ലീഷ് മീഡിയത്തിനും വെവേറെ നോട്ടുകൾ തയാറാക്കേണ്ടി വന്നിരുന്നു. എന്നാൽ അതിന് പരിഹാരമായി രണ്ട് മീഡിയത്തിനും ഉപയോഗ യോഗ്യമായ രീതിയിൽ ഒരു പേജിൽ തന്നെ രണ്ട് ഭാഷകളിലും ചോദ്യോത്തരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയത് അദ്ധ്യാപകർക്കും കുട്ടികൾക്കും ഉപകാരപ്രദമായി. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകളും , കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഓഡിയോ നോട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ ഹെഡ്മിസ്ട്രസായ ആലീസ് മാത്യുവും സഹപ്രവർത്തകരും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.