പാലാ : കൊവിഡ് നാട്ടിലാകെ പടർന്നു പിടിക്കുമ്പോഴും പാലാ നഗരത്തിലെ സാമൂഹ്യവിരുദ്ധൻമാർക്ക്
ഒരു വിലക്കും ബാധകമല്ല. ഇന്നലെ രാവിലെ ഇക്കൂട്ടരുടെ സ്ഥിരം താവളമായ ടൗൺ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിന് സമീപമായിരുന്നു ഇവരുടെ പ്രകടനം. ഇവിടെ കൂട്ടം കൂടി നിന്ന ഒരു സംഘത്തെ
ചോദ്യം ചെയ്ത പിങ്ക് പൊലീസിനോടായിരുന്നു സംഘത്തിന്റെ കയർക്കൽ. മാസ്‌ക് ധരിക്കാത്തതത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഉടൻ കൂടുതൽ പൊലീസുകാർ എത്തി നടപടി സ്വീകരിച്ചു.
പുരുഷ പൊലീസുകൾ മിക്കവരും കൊവിഡ് ഡ്യൂട്ടിയിലായതിനാൽ വനിതാ പൊലീസിനാണ് പൊതുഇടങ്ങളിൽ ഡ്യൂട്ടി. എല്ലാ ദിവസവും ഇവിടെ കേന്ദ്രീകരിക്കുന്ന സംഘം മിക്കപ്പോഴും മദ്യലഹരിയിലാണ്. ഇത് സമീപത്തുള്ള വ്യാപാരികൾക്കും വനിതകൾ ഉൾപ്പെടെയുള്ള ബസ് യാത്രികർക്കും ഏറെ ബുദ്ധിമുട്ടാണ്ടാക്കുന്നു. പാലാ സബ് ഡിവിഷനിൽ കൊവിഡുമായി ബന്ധപ്പെട്ട് ഇന്നലെ 195 കേസുകളാണ് രജിസ്റ്റർ ചെയ്തത്.