cinema

കോട്ടയം: ലോക്ക് ഡൗണിനെ തുടർന്ന് സിനിമാശാലകളിലെ തിരശീല താഴ്ത്തിയിട്ട് നാളെ 150ാം ദിവസം.

ഇനി തീയേറ്ററുകൾ തുറക്കുമ്പോൾ വന്നാൽ മതിയെന്ന് പറഞ്ഞ് ജീവനക്കാരെ പറഞ്ഞു വിട്ടു. നൂറ് കണക്കിന് ജീവനക്കാരാണ് ഇതോടെ വഴിയാധാരമായത്. കൊവിഡ് വ്യാപനം ശക്തമായതിനാൽ തിയേറ്ററുകൾ ഈ വർഷം തുറക്കുമോയെന്ന് ഉറപ്പു പറയാൻ ഉടമകൾക്കും കഴിയുന്നില്ല. പ്രൊജക്ടറും എ.സിയും മറ്റും ഇടയ്ക്കു പ്രവർത്തിപ്പിച്ചില്ലെങ്കിൽ പ്രശ്നമാകുമെന്നതിനാൽ താത്ക്കാലികമായി ഒരു ഓപ്പറേറ്റരെയും ഇലക്ട്രീഷ്യനെയും നിലനിറുത്തിയിട്ടുണ്ട്.

എ.സിയിൽ കൂട്ടംകൂടിയിരുന്ന് സിനിമ കാണുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നതിനാൽ മാർച്ച് 10നായിരുന്നു തിയേറ്ററുകൾ അടപ്പിച്ചത്. മാർച്ചിൽ മുഴുവൻ ശമ്പളം കൊടുത്തു. പിന്നീട് പകുതിയായി. ഉടനേയെങ്ങും തുറക്കില്ലെന്ന് ഉറപ്പായതോടെ ജീവനക്കാരെ പറഞ്ഞു വിടാൻ ഉടമകൾ നിർബന്ധിതമായി.

ഗെയിറ്റ് കീപ്പിംഗ്, ടിക്കറ്റ്, ഓപ്പറേറ്റിംഗ്, കഫേ, റെപ്രസെന്റിറ്റീവ്, പോസ്റ്റർ പതിക്കുന്നവർ, ക്ലീനിംഗ് തുടങ്ങി ഒരു തിയേറ്ററിൽ 15 മുതൽ 20 വരെ ജീവനക്കാരുണ്ടായിരുന്നു. കോട്ടയം നഗരത്തിൽ മാത്രം നൂറോളം പേർക്കാണ് തൊഴിൽ നഷ്ടമായത്. സംഘടന ഇല്ലാത്തതിനാൽ ഒരു ആനുകൂല്യവും ലഭിച്ചില്ല . മറ്റൊരു ജീവിതമാർഗം ഇതുവരെ കണ്ടെത്താനും മിക്കവർക്കും കഴിഞ്ഞിട്ടില്ല.

തുറന്നിട്ടും പ്രയോജനമില്ല

സാമൂഹ്യ അകലം പാലിച്ച് സീറ്റുകളിടണം, എ.സി പ്രവർത്തിപ്പിക്കാൻ കഴിയില്ല, ഇടവേളകളിൽ തിയേറ്റർ അണുവിമുക്തമാക്കണം . ഇതിന് അരമണിക്കൂർ സമയം നൽകണം തുടങ്ങിയ നിബന്ധനകളാണ് തിയേറ്റർ തുറന്നാലും പാലിക്കേണ്ടത്. സാമൂഹ്യ വ്യാപന ഭയം കാരണം കാണികൾ ഉടൻ എത്തുമെന്നു തോന്നുന്നില്ല . പുതിയ സിനിമകൾ പ്രദർശിപ്പിക്കാനുമില്ലാത്തതിനാൽ കാണികൾ കുറയും. കുറച്ച് ആളുകളെ വെച്ച് സിനിമ നടത്തിയാൽ കറന്റ് ചാർജ് പോലും ലഭിക്കില്ല .ഈ സാഹചര്യത്തിൽ തിയേറ്റർ തുറന്നിട്ടും പ്രയോജനമില്ലെന്നാണ് ഉടമകൾ പറയുന്നത്.

കോട്ടയത്ത് തൊഴിൽ

നഷ്ടപ്പെട്ടത് 100 പേർ

ലോക്ക് ഡൗൺ കാലത്ത് ആരെയും പിരിച്ചു വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഇനി തിയേറ്റർ തുറക്കുമ്പോൾ വന്നാൽ മതിയെന്നു പറഞ്ഞാണ് ഒന്നും നൽകാതെ പറഞ്ഞു വിട്ടത്. ഈ വർഷം ഇനി സിനിമാശാലകൾ തുറക്കുമെന്ന പ്രതീക്ഷയില്ല. തുറന്നാലും കാണികൾ പഴയതുപോലെ എത്തില്ല. കൊവിഡ് കാരണം മറ്റൊരു തൊഴിലും ലഭിക്കാവുന്ന സാഹചര്യവുമില്ല . എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടു പോകുമെന്നറിയില്ല.

ജോൺസൺ, തിയേറ്റർ ജീവനക്കാരൻ