പാലാ : രാമായണ പുണ്യം പേറുന്ന കർക്കടക സന്ധ്യയിൽ മീനാക്ഷി മുത്തശ്ശി രാമായണം പൂർണ്ണമായും വായിച്ചു തീർത്തത് മൂന്ന് തവണ. ഇത് ഇത്തവണത്തെ മാത്രം കഥയല്ല. 97 കാരിയായ പാലാ പതുപ്പള്ളിൽ മീനാക്ഷിയമ്മ കഴിഞ്ഞ 84 വർഷമായി കർക്കടക മാസത്തിൽ തുടരുന്ന പുണ്യമാണ് ഈ തുടർപാരായണം. ദിവസം 10 മുതൽ 50 പേജോളം സമയം പോലെ വായിക്കും. ഇത്തവണ കർക്കടകം 18 കഴിഞ്ഞപ്പോൾ മൂന്ന് തവണ രാമായണം മുഴുവൻ പാരായണം ചെയ്തു. ഇപ്പോൾ നാലാംവട്ട പാരായണം നടത്തുകയാണ്. പ്രായത്തിന്റെ പങ്കപ്പാടുകളുണ്ടെങ്കിലും പുലർച്ചെ 5 ന് എണീറ്റുള്ള കുളി നിർബന്ധമാണ്.
തുടർന്ന് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം രണ്ട് ദിനപ്പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കും. വൈകിട്ട് ആറിന് രാമായണ പാരായണം ആരംഭിക്കും. എട്ട് വരെ തുടരും. 13ാം വയസിലാണ് മീനാക്ഷി രാമായണം വായിച്ചു തുടങ്ങുന്നത്. തുടർന്ന് എല്ലാ വർഷവും ഇതൊരു ചിട്ടയായി. മീനാക്ഷിയോടൊപ്പം മക്കളും കൊച്ചുമക്കളുമൊക്കെ പാരായണത്തിൽ പങ്കുചേരും. മുനിസിഫ് കോടതി ജീവനക്കാരാനായിരുന്ന ഭർത്താവ് ഗോപാലൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മകൻ എസ്.ബി.ടി റിട്ട. ഉദ്യോഗസ്ഥനും, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ മുൻ പ്രസിഡന്റുമായ പി.ജി.അനിൽകുമാറിനൊപ്പമാണ് മീനക്ഷിയമ്മയുടെ താമസം. ഇത്തവണ മീനാക്ഷിയമ്മയോടൊപ്പം രാമായണ പാരായണത്തിന് മരുമകൾ റിട്ട. തഹസിൽദാർ ബീനയും, മകൻ ഗൗതവും ഭാര്യ ശ്രുതിയുമുണ്ട്. അംബികാദേവി, ഡോ. അജിതാദേവി, കേണൽ അനിലാദേവി എന്നിവരാണ് മറ്റ് മക്കൾ.