കോട്ടയം: മീനച്ചിലാറിലൂടെയെത്തിയ കിഴക്കൻവെള്ളം വേമ്പനാട് കായലിലേയ്ക്ക് ഒഴുകാതായതോടെ പടിഞ്ഞാറൻ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിൽ. എക്കലും പുല്ലും മൂലമുള്ള തടസം മൂലം നീരൊഴുക്ക് കുറഞ്ഞതോടെ പാടശേഖരങ്ങളിൽ വെള്ളം തങ്ങി നിൽക്കുകയാണ്. മടവീഴ്ചയുണ്ടായാൽ കൃഷി നശിക്കുന്നതിനൊപ്പം പ്രദേശത്തെ നൂറുകണക്കിന് വീടുകളും വെള്ളത്തിലാവും.
ചീപ്പുങ്കൽ പാലത്തിന്റെ പടിഞ്ഞാറ് ഏക്കർ കണക്കിന് എക്കലും പുല്ലുമാണ് നീരൊഴുക്കു തടസപ്പെടുത്തിക്കിടക്കുന്നത്. തണ്ണീർമുക്കം ബണ്ടിലെ ചിറയിലും മണ്ണടിഞ്ഞു. സാധാരണ വെള്ളം ഉയരുമ്പോൾ ദിവസങ്ങൾക്കുള്ളിൽ ഒഴുകി പോവുകയാണ് പതിവ്. ആർപ്പൂക്കര, അയ്മനം, നീണ്ടൂർ. കുമരകം, വെച്ചൂർ അടക്കമുള്ള പതിനായിരക്കണക്കിന് ഏക്കർ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. മോട്ടോർ തകരാറും വൈദ്യുതി തടസവും മൂലം വെള്ളംവറ്റിക്കുന്നത് പ്രായോഗികമല്ല.
ദിവസവും രാത്രിയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ വെള്ളം താഴുന്നില്ല. ഇതിനു പുറമേയാണ് നീരൊഴുക്കു തടസമാകുന്ന രീതിയിൽ ചീപ്പുങ്കലിൽ എക്കൽ അടിഞ്ഞു കിടക്കുന്നത്. പരിപ്പ് -കുമരകം റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച മുട്ട് പൊളിക്കാത്തതും പരിപ്പ് മേഖലയിൽ വെള്ളം താഴാതിരിക്കാൻ കാരണമായി.
പല പാടശേഖരങ്ങളിലും ഇതിനോടകം വിരിപ്പ് കൃഷിക്കായി രണ്ടു തവണ വളം പ്രയോഗിക്കുകയും ചെയ്തു. എന്നാൽ കയറിയ വെള്ളം ഇതുവരെയും ഇറങ്ങിയിട്ടില്ല. അടുത്തയാഴ്ച മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പ് പടിഞ്ഞാറൻ നിവാസികളെ ആശങ്കയിലാക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങളൊന്നും ഇത്തവണ ശക്തമായിരുന്നില്ല. കഴിഞ്ഞയാഴ്ച പെയ്തതു പോലെ ഒരു ദിവസം പത്തു സെന്റീമീറ്ററിലേറെ മഴ പെയ്താൽ വൻ പ്രളയത്തിനാകും പടിഞ്ഞാറൻ മേഖല സാക്ഷ്യം വഹിക്കുക.
മടവീണാൽ
വിരിപ്പ് കൃഷി മുഴുവൻ നശിക്കും
ഇവിടങ്ങളിലെ വീടുകൾ വെള്ളത്തിലാകും
ക്യാമ്പുകളിലേയ്ക്ക് മാറുക ശ്രമകരം
അടിയന്തരമായി കളക്ടർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം. വേമ്പനാട് കായലിലേയ്ക്ക് വെള്ളം ഒഴുകിപോകുന്ന ഭാഗത്തെ ചെളിയും പുല്ലും ഹിറ്റാച്ചി ഉപയോഗിച്ച് നീക്കണം''
'' എം.ജെ.ഗോപി, സെക്രട്ടറി, മേനോൻകരി പാടശേഖരം