കോട്ടയം : എം.സി റോഡിൽ എൽ.ഐസിയ്ക്ക് സമീപമുള്ള പാലത്തിനിടയിലെ മണ്ണും ചെളിയും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാറ്റിത്തുടങ്ങിയതോടെ നഗമ്പടം നെഹ്റുസ്റ്റേഡിയം ഭാഗത്തെ വെള്ളം ഇറങ്ങി തുടങ്ങി. ഒരാഴ്ചക്കാലമായി നൂറ്റമ്പതിലേറെ കടകൾ വെള്ളത്തിനടിയിലായിരുന്നു. മീനച്ചിലാർ -മീനന്തറയാർ -കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ ജനകീയ കൂട്ടായ്മ എൽ.ഐ സി കോട്ടയം ഡിവിഷന്റെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹായത്തോടെ ഫണ്ട് കണ്ടെത്തിയാണ് പ്രവർത്തനം തുടങ്ങിയത്. പാലത്തിനടിയിൽ പണ്ട് രണ്ടു കുടുംബങ്ങൾ താമസിച്ചിരുന്നു. അവിടെയാണ് പത്തടിയോളം കനത്തിൽ മണ്ണ് അടിഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ടത്. മുണ്ടാറിലേക്കെത്തുന്ന തോടിന്റെ തുടക്കഭാഗം വൃത്തിയാക്കുന്നതിന് കോട്ടയം നഗരസഭ അഞ്ചു ലക്ഷം രൂപയും, ജലവിഭവ വകുപ്പ് എം.സി റോഡിന്റെ വടക്കുഭാഗത്ത് നവീകരണത്തിന് മൂന്നു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പാലത്തിൽ നിന്ന് മാലിന്യം മുണ്ടാറിലേക്കെറിയുന്നത് തടയാൻ എൽ.ഐ സി പാലത്തിന്റെ കൈവരികളിൽ കമ്പിവേലികൾ സ്ഥാപിക്കും. മുണ്ടാറിന്റെ തുടർന്നുള്ള ഭാഗത്തേക്ക് നവീകരണ പ്രവൃത്തികൾ ഹരിത കേരളത്തിന്റെ ഭാഗമായി തയ്യാറാക്കി. ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ ഒരാഴ്ചകൊണ്ട് പൂർത്തിയാക്കുമെന്ന് കോ-ഓർഡിനേറ്റർ അഡ്വ കെ.അനിൽകുമാർ അറിയിച്ചു.