കോട്ടയം: കൊവിഡ് സമ്പര്‍ക്ക വ്യാപനത്തിനെതിരായ ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടം തുടക്കം കുറിച്ച 'കരം തൊടാത്ത കരുതല്‍" മാതൃകാപരമായ പദ്ധതിയാണെന്നും എല്ലാ ജില്ലകളിലും നടപ്പാക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍ ലോഗോ പ്രകാശനം ചെയ്‌തു. ജില്ലാ കളക്ടര്‍ എം. അഞ്ജന ആമുഖ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പരിപാടി വിശദീകരിച്ചു. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, കേരള അസോസിയേഷന്‍ ഒഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഐപ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കരം തൊടാത്ത കരുതല്‍ എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി ക്വാറന്റൈന്‍ ബോധവത്കരണവുമായി ബന്ധപ്പെട്ട പത്തു ഹൃസ്വ വീഡിയോകളാണ് ക്വാറന്റൈനില്‍ കഴിയുന്ന എല്ലാവരിലും എത്തിക്കുക.റോബി വര്‍ഗീസാണ് സംവിധാനം . അരുണ്‍ സെബാസ്റ്റ്യന്‍റേതാണ് തിരക്കഥ. സന്ദീപ് സാലി ഛായാഗ്രഹണവും നോബിള്‍ സാം പ്രിന്‍സ് ഏകോപനവും നിര്‍വഹിച്ചിരിക്കുന്നു.