പൊൻകുന്നം : പി.പി റോഡിലെ വട്ടക്കാട്ട് മെഡിക്കൽസിൽ തീപിടിത്തം. മരുന്നുകളും ഉപകരണങ്ങളും കത്തിനശിച്ചു. രണ്ടുലക്ഷം രൂപയിലേറെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇന്നലെ രാവിലെ 6.45ന് കടയുടെ പിറകിൽ നിന്ന് പുക ഉയരുന്നത് കണ്ട് വഴിയാത്രക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ ഉടമ വട്ടക്കാട്ട് ജോജിയും സ്ഥലത്തെത്തി. കടയുടെ ഷട്ടർ തുറന്നപ്പോഴേക്കും ഉള്ളിൽ തീപടർന്നിരുന്നു. തീപടർന്ന് മരുന്നുകുപ്പികൾ പൊട്ടിത്തെറിച്ചു. വഴിയാത്രക്കാരും ഓട്ടോ തൊഴിലാളികളും ചേർന്ന് തീ പടരുന്നത് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ടൗണിലെ പെട്രോൾ പമ്പിലെ ജീവനക്കാർ അഗ്‌നിശമന ഉപകരണങ്ങളുമായെത്തി തീയണയ്ക്കാൻ ശ്രമിച്ചതോടെയാണ് നിയന്ത്രണവിധേയമായത്. പാമ്പാടിയിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റെത്തി തീ പൂർണമായും അണച്ചു.