കുറവിലങ്ങാട് : മെറിന് അമേരിക്കയിൽ തന്നെ അന്ത്യയാത്ര. അവിടെ മയാമി കോറൽ സ്പ്രിംഗ്‌സിൽ ഭർത്താവ് കൊലപ്പെടുത്തിയ മെറിന്റെ മൃതദേഹം സംസ്‌കരിച്ചു. അമേരിക്കയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നേരിട്ട് ആദരാഞ്ജലി അർപ്പിക്കാനെത്തി. മോനിപ്പള്ളിയിലെ വീട്ടിൽ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഓൺലൈനിൽ സംസ്‌കാര ശുശ്രുഷയിൽ പങ്കുചേർന്നു. ഇതിനു മുന്നോടിയായി ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ ദിവ്യ ബലിയും അനുസ്മരണ പ്രാർത്ഥനകളും നടത്തിയിരുന്നു. മിയാമിയിലെ ഫ്യൂണറൽ ഹോമിൽ മെറിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചശേഷം ഇന്നലെ ഉച്ചയ്ക്ക് 2 ന് (ഇന്ത്യൻ സമയം രാത്രി 11.30ന്) ഹിൽസ്‌ബൊറോ മെമ്മോറിയൽ സെമിത്തേരിയിലാണ് സംസ്‌കാരം നടത്തിയത്. ഫാ.ജോസ് ആദോപ്പള്ളിൽ സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
മെറിന്റെ മൃതദേഹം മോനിപ്പള്ളിയിലെ വീട്ടിൽ എത്തിക്കാൻ സാധിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ നാട്ടിൽ എത്തിച്ചാൽ തന്നെ പെട്ടിതുറന്ന് അന്ത്യചുംബനം നൽകാൻ പോലും കഴിയാത്ത വിധം മൃതദേഹത്തിൽ മുറിവുകളും ചതവുകളും ഏറ്റ നിലയിലായിരുന്നതിനാലാണ് നാട്ടിൽ കൊണ്ടുവരാതിരുന്നത്.
ഒന്നുമറിയാതെ നോറ
മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും സഹോദരി മീരയ്ക്കും മെറിനെ അവസാനമായി നേരിട്ട് ഒരു നോക്ക് കാണുന്നതിനോ അന്ത്യചുംബനം നൽകുന്നതിനോ കഴിഞ്ഞില്ല. അവർ മൂന്ന് പേരും ഹൃദയത്തിൽ വിതുമ്പുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മെറിന്റെ മകൾ രണ്ടുവയസുകാരി നോറ അപ്പോഴും ബന്ധുവിന്റെ ഒക്കത്തിരുന്ന് പുഞ്ചിരി തൂകിക്കൊണ്ടിരുന്നു. കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചിരി കണ്ട് വീട്ടുകാരും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി.