വൈക്കം : വെച്ചൂർ അച്ചിനകത്ത് ഇന്നലെ പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശം. മരങ്ങൾ കടപുഴകി വീണ് ഒരു വീട് പൂർണമായും മുപ്പതോളം വീടുകൾക്ക് ഭാഗികമായും നാശം സംഭവിച്ചു. വെച്ചൂർ പഞ്ചായത്തിലെ ആറ്, ഏഴ്, എട്ടുവാർഡുകളിലാണ് കാറ്റ് നാശം വിതച്ചത്. എട്ടാം വാർഡിലാണ് കനത്ത നാശനഷ്ടങ്ങളുണ്ടായത്. കാറ്റ് താണ്ഡവമാടിയ സ്ഥലങ്ങളിൽ മരങ്ങൾ കൂട്ടത്തോടെ കടപുഴകി. അച്ചിനകം പാലയ്ക്കാപറമ്പിൽ സുന്ദരന്റെ വീടാണ് പൂർണമായി തകർന്നത്. കിഴക്കേ പാലയ്ക്കപറമ്പിൽ ബിനുപ്രദീപ്, വണ്ടോത്തിൽ മോഹനൻ, കിഴക്കേ വണ്ടോത്തിൽ ജയേഷ്, കരിമാലിൽ ലക്ഷം വീട് കോളനിയിൽ ലെനിൻ,ആളൂച്ചിറ പ്രസന്നൻ, കരിനച്ചി അശോകൻ, പുളിന്തറയിൽ മോഹൻദാസ്, ആളൂർ ധനീഷ്, സഹോദരങ്ങളായ അജീഷ്, റോമിയോ, അജന്താ ഭവനിൽ സുധാകരൻ, വാടപ്പുറത്തുചിറ ബാബു, കിഴക്കേ വലിയപറമ്പിൽ പ്രഭാകരൻ, മാങ്കൊഴിയിൽ ശിവാമണി, കുളത്തിൽതറ സുദർശനൻ, കുളത്തിൽതറ അനിൽകുമാർ, തറയിൽ ബിനി തുടങ്ങിയവരുടെ വീട് ഭാഗീകമായും തകർന്നു.പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയ മരങ്ങൾ വീണാണ് ഭൂരിഭാഗം വീടുകൾക്കും നാശമുണ്ടായത്. പാലയ്ക്കപറമ്പിൽ സുന്ദരന്റെ വീടിനു പിൻഭാഗത്തെ വളപ്പിൽ നിന്ന 15 ഓളം വൻ മരങ്ങൾ വീടിനു മീതെയ്ക്കു കടപുഴകി വീണു വീടാകെ മൂടപ്പെട്ട നിലയിലായിരുന്നു. വീടിന്റെ ഭിത്തികളും മേൽക്കൂരയും തകർന്നു. സുന്ദരനും ഭാര്യയും ഗർഭിണിയായ മകളുമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ മരങ്ങൾ കൂട്ടത്തോടെ വീട്ടിലേയ്ക്ക് പതിച്ചപ്പോൾ ഭയന്നു ഞെട്ടിയുണർന്ന മകൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അച്ചിനകം വലിയ വെളിച്ചം പാടശേഖരത്തിന്റെ മോട്ടോർ തറയുടെ മേൽക്കൂര കാറ്റിൽ തകർന്നു. ഫയർഫോഴ്‌സ് എത്തിയാണ് റോഡുകൾക്കും വൈദ്യുത ലൈനിനും മീതെ വീണ മരങ്ങൾ മുറിച്ചുനീക്കിയത്. നിരവധി വൈദ്യുത പോസ്റ്റുകൾ മരങ്ങൾ വീണു ഒടിഞ്ഞു. തലയാഴം കെ.എസ്.ഇ.ബി സെക്ഷനിലെ സബ് എൻജിനിയർ ജയകുമാറിന്റെ നേതൃത്വത്തിൽ 15 ഓളം ജീവനക്കാർ മണിക്കൂറുളോളം കഠിന പ്രയത്‌നം നടത്തിയാണ് ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.സി.കെ.ആശഎം എൽ എ, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.രഞ്ജിത്ത്, വൈക്കം തഹസിൽദാർ കെ.കെ.ബിനി, പഞ്ചായത്ത് അംഗങ്ങളായ സോജി ജോർജ്, കെ.ആർ.ഷൈലകുമാർ, മിനിമോൾ,സി.പി.എം വൈക്കം ഏരിയ കമ്മറ്റി അംഗം കെ.ബി പുഷ്‌കരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.ഷിബു, വെച്ചൂർ വില്ലേജ് ഓഫിസർ പി.സുനിൽകുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.