വൈക്കം: വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോ കണ്ടെയ്ൻമെന്റ്‌സോണിലായതിനെ തുടർന്ന് നിറുത്തിവച്ചിരുന്ന ബസ് സർവീസ് ഇന്ന് ആരംഭിക്കും. കണ്ടെയ്ൻമെന്റ്‌സോണായനഗരസഭ 21-ാം വാർഡിൽപ്പെട്ട കൊച്ചുകവല പ്രൈവറ്റ് സ്റ്റാൻഡ് - ബോട്ട്‌ജെട്ടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാനും നഗരസഭ കാര്യാലയത്തിൽ ചേർന്ന കൊവിഡ് അവലോകനയോഗം അനുമതി നൽകി. നഗരസഭയുടെ അധീനതയിലുള്ള ടൗൺ ഹാളിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം 10 ന് നടത്തും. വൈക്കം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം ഒരു മണിക്കൂർ കൂടി ദീർഘിപ്പിച്ച് വൈകിട്ട് ഏഴു വരെയാക്കി. യോഗത്തിൽ ചെയർമാൻ ബിജു കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. അംബരീഷ് ജി. വാസു, ആർ.സന്തോഷ്, കൗൺസിലർമാരായ പി.ശശിധരൻ, ഡ.രഞ്ജിത്കുമാർ, എസ്.ഹരിദാസൻ നായർ, സൽബി ശിവദാസ്, പി.എൻ.കിഷോർകുമാർ, കെ.ആർ. രാജേഷ്, പൊലീസ് പി.ആർ.ഒ മോഹനൻ എന്നിവർ സംസാരിച്ചു.