കോട്ടയം: കഴിഞ്ഞപ്രാവശ്യത്തെ മഹാപ്രളയം പാഠം പഠിപ്പിച്ചു. സർക്കാർ ഉണർന്നു പ്രവർത്തിച്ചു. വെള്ളം ഒഴുകിപ്പോവാൻ തോടുകൾ മിക്കതും ക്ലീനാക്കി. ആഴം കൂട്ടുകയും ചെയ്തു. എന്നാൽ, കോട്ടയം ചീപ്പുങ്കലിൽ രൂപംകൊണ്ട എക്കൽ മാറ്റിയിട്ടില്ല. ഇതോടെ തോടുകളിലെയും ആറുകളിലെയും വെള്ളം ഇറങ്ങിപ്പോവുന്നില്ല. ദിവസങ്ങളോളം വെള്ളം കെട്ടിനില്ക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ ദുരിതക്കയത്തിലാണ്.
കിഴക്കൻ വെള്ളം എത്തിയാൽ മണിക്കൂറുകൾക്കുള്ളിൽ ഒഴുകി ഇറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അതല്ലസ്ഥിതി. വെള്ളം ഇറങ്ങിപ്പോവണമെങ്കിൽ ആഴ്ചകൾ തന്നെ എടുക്കും. പതുക്കെമാത്രമേ തോടുകളിൽ നിന്നും വെള്ളം ഇറങ്ങുന്നുള്ളു. ഇതിന് കാരണം ചീപ്പുങ്കൽ പാലത്തിന് പടിഞ്ഞാറുഭാഗത്ത് രൂപം കൊണ്ട ചെറിയ ദ്വീപാണ്. ഇത് മാറ്റിയില്ലെങ്കിൽ ഉണ്ടാവുന്ന ഭവിഷ്യത്ത് ഭയാനകമാവുമെന്ന് കൃഷിക്കാരും കർഷകരും ഏക സ്വരത്തിൽ പറയുന്നു.
വെള്ളത്തിന്റെ ഒഴുക്കിന് വിഘാതമായി നാലര ഏക്കറോളം സ്ഥലത്താണ് എക്കൽ അടിഞ്ഞുകിടക്കുന്നത്. കരഭൂമി എന്ന് തോന്നിപ്പിക്കും വിധമാണ് ഇവിടം. പുല്ലുകൾ കിളിർത്ത് കാട് എന്ന പ്രതീതിയാണിപ്പോൾ. ഒരു വിധത്തിലും ആറുകളിലൂടെയും തോടുകളിലൂടെയും ഒഴുകിയെത്തുന്ന കിഴക്കൻ മഴവെള്ളത്തിന് ഒലിച്ചുപോവാൻ സാധിക്കില്ല. അതിനാലാണ് അയ്മനം, ആർപ്പുക്കര ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചീപ്പുങ്കൽ പാലത്തിന് സമീപമാണ് എക്കൽ അടിഞ്ഞ് ഒരു 'ചെറുദ്വീപ്' രൂപം കൊണ്ടിട്ടുള്ളത്. പെണ്ണാർ തോട്ടിൽ നിന്നും കൈപ്പുഴയാറിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇതുവഴിയാണ് ഒഴുകിപ്പോവേണ്ടത്. പാലത്തിന് പടിഞ്ഞാറുഭാഗത്തായിട്ടാണ് ദ്വീപ് രൂപം കൊണ്ടിട്ടുള്ളത്.
എക്കൽ അണിഞ്ഞ് കട്ടിയുള്ള മണ്ണായി രൂപം കൊണ്ടുകഴിഞ്ഞു. ആർപ്പുക്കര പഞ്ചായത്തിലെ ചുഴലിക്കുഴിയിലും സമാനമായ നിലയിൽ ചെളി അടിഞ്ഞിട്ടുണ്ട്. പരിപ്പ്-കുമരകം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മുട്ട് പൊളിക്കാത്തത് പരിപ്പ് മേഖലയിൽ വെള്ളം താഴാതിരിക്കാൻ കാരണമായി.
മഴ ശക്തമായി കിഴക്കൻ വെള്ളം വന്നാൽ പടിഞ്ഞാറൻ മേഖല വെള്ളത്തിനടിയിലാവും. പ്രത്യേകിച്ച് അപ്പർ കുട്ടനാട് മേഖല. കൊവിഡ‌് വ്യാപിക്കുന്നതിനിടയിൽ ഒരു പ്രളയത്തെ താങ്ങാനുള്ള ശക്തി തങ്ങൾക്കില്ലായെന്ന് നാട്ടുകാർ ഏകസ്വരത്തിൽ പറയുന്നു. കഴിഞ്ഞയാഴ്ച പെയ്ത മഴവെള്ളം പോലും ഇതുവരെ ഇറങ്ങിപ്പോയിട്ടില്ല. പത്തു സെന്റീമീറ്ററിൽ കൂടുതൽ മഴ പെയ്താൽ അപ്പർകുട്ടനാട് വെള്ളത്തിലടിയിലാവും. എത്രയും വേഗം ഹിറ്റാച്ചിയോ മറ്റോ ഉപയോഗിച്ച് തടസങ്ങൾ മാറ്റണം. ഇല്ലെങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തമാവുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നല്കി.