gadgil

കോട്ടയം: മലയോരമേഖലയുടെ ഉറക്കം കെടുത്താൻ ഗാഡ്ഗിൽ റിപ്പോർട്ട് വീണ്ടുമെത്തുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ ഗാഡ്ഗിൽ റിപ്പോർട്ട് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുമ്പോൾ വിധി എങ്ങനെയാവുമെന്ന ആശങ്കയുടെ മുൾമുനയിലാണ് കോട്ടയം, ഇടുക്കി മലയോരമേഖലയിലെ ജനങ്ങൾ .

കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലായി 1. 29,037 ചതുരശ്ര കിലോമീറ്റർ അതീവ പരിസ്ഥിതി ലോല പ്രദേശമാക്കണമെന്നാവശ്യപ്പെട്ട് (ഇ.എസ്.എ) 26 പരിസ്ഥിതി സംഘടനകളും തമിഴ് നാട് നീലഗിരിയിലെ എം.കാവ്യയുടെ നേതൃത്വത്തിൽ എട്ട് സ്കൂൾ വിദ്യാർത്ഥികളും കക്ഷി ചേർന്ന കേസാണ് ചീഫ് ജസ്റ്റിസ് അരവിന്ദ് ബോബ്ഡേയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബഞ്ച് അടുത്ത ദിവസം പരിഗണിക്കുന്നത്.

സംരക്ഷണ വനഭൂമി ഉൾപ്പെടുന്ന 9107 ചതുരശ്രകിലോമീറ്റർ മാത്രം ഇ.എസ്.എ നിജപ്പെടുത്തിയാണ് 2018 ജൂൺ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. ജനവാസ മേഖലയും കൃഷിയിടങ്ങളും സംരക്ഷിച്ചുള്ള ഈ റിപ്പോർട്ട് കേന്ദ്ര പരിഗണനയിലിരിക്കെയാണ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതിയിൽ വന്നത്.

കേസിന്റെ നാൾവഴി

പ്രൊഫ.ഗാഡ്ഗിലിന്റെ കണ്ടെത്തലിനെതിരെ പ്രതിഷേധം ഉയർന്നതോടെ കസ്തൂരി രംഗൻ കമ്മിഷനെ സർക്കാർ നിയോഗിച്ചു. കമ്മിഷൻ ശുപാർശ അനുസരിച്ച് 2013 നവംബർ 13ന് പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകൾ പരിസ്ഥിതി ലോല പട്ടികയിലാക്കി. തോട്ടങ്ങളും ജനവാസ പ്രദേശങ്ങളും അടങ്ങുന്ന 123 വില്ലേജുകളിലെ 13,108ചതുരശ്ര കിലോമീറ്ററും ഇതിൽ ഉൾപ്പെടും. ഇതിനെതിരെയും ജനകീയ പ്രക്ഷോഭമാരംഭിച്ചതോടെ ഉമ്മൻചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ സമിതിയെ നിയോഗിച്ചു. സമിതി 9107 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എ ആയി ശുപർശ ചെയ്തു. തോട്ടവും ചതുപ്പും തരിശും വരുന്ന 886. 7 ചതുരശ്ര കിലോമീറ്ററും ഇ.എസ്.എ യായി. ഈ ശുപാർശ കൂടി പരിഗണിച്ചാണ് 2014 ഏപ്രിൽ 10ന് യു.പി.എ സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.

നിർമാണ നിരോധനം നിലനിറുത്തിയ കരട് വിജ്ഞാപനത്തിനെതിരെ ജനകീയ പോരാട്ടം ശക്തമായതോടെയാണ് നിരോധനങ്ങൾ നീക്കിയത്. 2018 ഡിസംബർ മൂന്നിന് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് ഭേദഗതി ഉത്തരവ് ഇറങ്ങി. നിർമാണ നിരോധനം നീക്കിയ ഈ ഉത്തരവും റദ്ദ് ചെയ്യണമെന്ന് സുപ്രീംകോടതിയിലെ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.