പൊൻകുന്നം : കാലവർഷക്കെടുതിയെ നേരിടാൻ പരിമിതമായ സൗകര്യങ്ങളിൽ നിന്ന് പോരാടുകയാണ് വൈദ്യുതിവകുപ്പ്. ബുധനാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ പൊൻകുന്നം സെക്ഷന്റെ പരിധിയിൽ മാത്രം 200 ഓളം കേസുകളാണ് വൈദ്യുതിവകുപ്പിന് നേരിടേണ്ടി വന്നത്. മരം വീണും പോസ്റ്റ് ഒടിഞ്ഞും ലൈൻകമ്പി പൊട്ടിയും വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. കൂടാതെ ഒറ്റപ്പെട്ട വീടുകളിലെ തകരാറുകൾ വേറെയും. ഈ പ്രതിസന്ധി ഘട്ടത്തിലും വൈകിട്ടോടെ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിഞ്ഞെന്ന് അധികൃതർ പറഞ്ഞു.

11 കെ.വി ലൈനിൽ മരം വീണ സംഭവങ്ങൾ മൂലം കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ജീവനക്കാരുടെ കുറവാണ് ഇതിനു കാരണം. കൊവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ ജീവനക്കാരിൽ 6 പേർ വീതം 7 ദിവസത്തേക്ക് മാറി നിൽക്കുകയാണ്. അപകടം ഉണ്ടാകുന്ന ഓരോ സ്ഥലത്തും പോയി ഫ്യൂസ് ഊരാൻ ജീവനക്കാരില്ലാത്തതിനാൽ പ്രധാന ലൈൻ ഓഫാക്കുകയാണ്. 11 കെ.വി.ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ വാഹനം എത്താത്ത ഇടങ്ങളുണ്ട്. ഇവിടങ്ങളിൽ മരം വീണാൽ അവിടെയെത്തി മരം മുറിച്ചുമാറ്റുക ദുഷ്‌ക്കരമാണ്. അത്യാവശ്യമെങ്കിൽ പുറത്തുനിന്നും പണിക്കാരെ വിളിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ പലപ്പോഴും സമയത്ത് പണിക്കാരെ കിട്ടാറില്ല. അതിനാൽ ജീവനക്കാർ തന്നെ ഇത്തരം ജോലികൾ ചെയ്യുകയാണ്.

ഇനിയും ഞങ്ങളെ ചീത്തപറയരുതേ...

ആകെ ഒരു ജീപ്പ് മാത്രമാണ് പൊൻകുന്നം ഓഫീസിലുള്ളത്. മഴക്കാലത്ത് കൂടുതൽ സ്ഥലങ്ങളിൽ ഓടിയെത്തി കേടുപാടുകൾ പരിഹരിക്കാൻ താമസം നേരിടുന്നതിന് കാരണമിതൊക്കെയാണ്. വൈദ്യുതി മുടങ്ങിയാൽ ഓഫീസിലേക്ക് വിളിച്ച് ചീത്ത പറയുന്നവർ ഇത്തരം കാര്യങ്ങൾ കൂടി മനസിലാക്കണമെന്നാണ് ജീവനക്കാർ പറയുന്നത്.