പൊൻകുന്നം : നാലുമാസം മുമ്പാണ് ആ മഹാസംഭവം നടന്നത്. കണമല സർവീസ് സഹകരണബാങ്ക് നിർദ്ധനരായ രണ്ടുകുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി. ആരും അറിഞ്ഞില്ല. ആരെയും അറിയിച്ചില്ല എന്നതാണ് സത്യം. കല്ലിടീലും ഉദ്ഘാടനവും ഒന്നും ആഘോഷമാക്കിയില്ല. ബാങ്ക് പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗങ്ങളും ഓണറേറിയവും ഒരു വർഷത്തെ സിറ്റിംഗ് ഫീസും ബാങ്കിലെ ജീവനക്കാർ ശമ്പളത്തിന്റെ ഒരു വിഹിതവും നൽകിയാണ് വീടുകളുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ഇത് കേട്ടറിഞ്ഞ ബാങ്കിന്റെ ഒരു അഭ്യുദയകാക്ഷി ഒരു വീടിന്റെ മുഴുവൻ നിർമ്മാണ ചെലവും ഏറ്റെടുത്തു. പണി പൂർത്തീകരിച്ച് ഇരു വീടുകളും നാലു മാസം മുമ്പ് കൈമാറി. എരുമേലിയിലെ മൂലക്കയം, എരുത്വാപ്പുഴ എന്നിവിടങ്ങളിലെ രണ്ടു പേർക്കാണ് വീടുവച്ച നൽകിയത്. ഇതിലൊരാൾ കാൻസർ രോഗബാധിതനും മറ്റൊരാൾ വലിയ സാമ്പത്തിക പ്രതിസന്ധിയിയിലുമായിരുന്നു. നിയമപ്രശ്‌നങ്ങളാൽ സർക്കാർ ഏജൻസികളിൽ നിന്നും വീടു നിർമ്മിക്കാൻ സാധിക്കാതെ വന്ന ഇവർ രണ്ടു പേരും പലതവണ ബാങ്കിൽ എത്തിയതോടെ ബാങ്ക് പ്രസിഡന്റ് അഡ്വ.ബിനോയ് മങ്കത്താനവും, ഡയറക്ടർ ബോർഡ് അംഗം ആർ. ധർമ്മകീർത്തിയും, ഡയറക്ടർ ബോർഡ് അംഗങ്ങളും ചേർന്ന് ഇവർക്ക് വീടുവച്ച് നൽകാൻ തീരുമാനിച്ചത്. കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കുന്ന ഇടുക്കി നാടുകാണി ഗ്രാമാശ്രമം ഡയറക്ടർ ഫാ.ജിജോ കുര്യന്റെ നേതൃത്വത്തിലാണ് വീടുകൾ പണിതത് . പുറംഭിത്തി കോൺക്രീറ്റ് കട്ടവച്ചും ബാക്കി സിമന്റ് ഫൈബർ ബോർഡ് ഉപയോഗിച്ചും ഇരുമ്പു കൊണ്ടുള്ള മേൽക്കൂരയിൽ ഓട് മേഞ്ഞുമാണ് നിർമ്മാണം.