വൈക്കം : വികസനത്തിന്റെ നേർക്കാഴ്ചകൾ അവശേഷിപ്പിച്ച് പി.നാരായണൻ യാത്രയായി. കൃഷിയും പരമ്പരാഗത വ്യവസായങ്ങളും പ്രധാന വരുമാനമാർഗമായ പ്രദേശമാണ് വൈക്കം. വേമ്പനാട്ട് കായലും മൂവാറ്റുപുഴയാറും നിരവധി തോടുകളും ഉൾനാടൻ ജലാശയങ്ങളും വയലേലകളും നിറഞ്ഞ പ്രദേശം.

ഇവിടുത്തെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് നിരവധി പാലങ്ങളുടെ നിർമാണത്തിന് തുടക്കമിട്ടത് പി.നാരായണന്റെ നേതൃത്വത്തിലായിരുന്നു. ലോകപ്രശസ്ത ടൂറിസം കേന്ദ്രമായ കുമരകവും വൈക്കവും തമ്മിൽ ബന്ധിപ്പിക്കുന്ന കൈപ്പുഴമുട്ട് പാലം, തട്ടാവേലി ജനകീയ പാലം, പഞ്ഞിപ്പാലം, മുറിഞ്ഞപുഴ പാലം, പാലാംകടവ് പാലം, പൊട്ടൻചിറ പാലം തുടങ്ങി ചെറുതും വലുതുമായ നിരവധി പാലങ്ങളുടെ നിർമാണത്തിൽ മുഖ്യപങ്ക് വഹിച്ചു. അപ്പർ കുട്ടനാടൻ മേഖലയിലെ നെൽകർഷകരെ രക്ഷിക്കാനായി വെച്ചൂരിൽ മോഡേൺ റൈസ് മില്ല് സ്ഥാപിച്ചതും നാരായണന്റെ കാലത്താണ്.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൃഷി മന്ത്രിയായിരുന്ന കൃഷ്ണൻ കണിയാംപറമ്പിൽ ആണ് 1999 ജൂൺ ഒന്നിന് മോഡേൺ റൈസ് മില്ലിന് ശില പാകിയത്. വൈക്കം മിനി സിവിൽ സ്റ്റേഷൻ, സെയിൽസ് ടാക്‌സ് ഓഫീസ്, വൈക്കത്തെ ജനങ്ങളുടെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി വെള്ളൂർ ചങ്ങലപ്പാലം വൈക്കം ഓഗ്മെന്റേഷൻ കുടിവെള്ള പദ്ധതി എന്നിവക്ക് തുടക്കം കുറിക്കാനും അദ്ദേഹത്തിനായി. വൈക്കത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട വൈക്കം-സേലം ഹൈവേയും സി.ആർ.പി.എഫ് അഞ്ചാം ബറ്റാലിയന്റെ ആസ്ഥാനവുമെല്ലാം നടക്കാതെ പോയ അദ്ദേഹത്തിന്റെ സ്വപ്നപദ്ധതികളായിരുന്നു. നാടിന്റെ ചെറുതും വലുതുമായ വികസന പ്രക്രിയയിൽ തന്റെ സാന്നിധ്യം കൊണ്ട് മുഖമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു നാരായണൻ.

ക്ഷേത്രങ്ങൾക്ക് നവചൈതന്യം പകർന്നു

വൈക്കം: വൈക്കത്തെ ക്ഷേത്രങ്ങൾക്ക് നവചൈതന്യം പകർന്നു നൽകിയത് പി. നാരായണൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറായിരുന്ന കാലത്തായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ക്ഷേത്രനഗരത്തിന് തീരാനഷ്ടമായി. വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പലം മ്യൂറൽ പെയിന്റിംഗ് നടത്തി മനോഹരമാക്കി. 65 ലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രത്തിൽ അഷ്ടമി പന്തലും നിർമിച്ചു. ഊട്ടുപുരയുടെ മുകളിലത്തെ നിലയിൽ 15 ലക്ഷം രൂപ ചെലവഴിച്ച് ടൈൽ പാകി, വടക്കേനടയിൽ 40 ലക്ഷം രൂപ ചെലവഴിച്ച് പാർക്കിംഗ് ഗ്രൗണ്ട് ഒരുക്കി. ക്ഷേത്രത്തിൽ 40 ലക്ഷം രൂപ ചെവലഴിച്ച് അഞ്ചു ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. വൈക്കം ക്ഷേത്രത്തിന്റെ നാലു നടയിലുമുള്ള ഗോപുരങ്ങളുടെ മേൽക്കുരയിൽ ചെമ്പ് പാളി പാകി. കാലാക്കൽ ക്ഷേത്രത്തിൽ ഇന്റർ ലോക്ക് ടൈൽ പാകി ഭക്തജനങ്ങൾക്ക് നടപ്പാതയൊരുക്കിയതും പി. നാരായണന്റെ കാലത്തായിരുന്നു. കാരിക്കോട് മഹാദേവ ക്ഷേത്രത്തിൽ ചുറ്റമ്പലവും ആനപ്പന്തലും, കൂട്ടുമ്മേൽ ദേവീക്ഷേത്രത്തിലും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും നടപന്തലും നിർമിക്കാൻ കഴിഞ്ഞത് നാരായണൻ ദേവസ്വം ബോർഡ് മെമ്പറായിരുന്ന കാലത്താണ്. ഉദയനാപുരം ക്ഷേത്രത്തിൽ സ്വർണധ്വജ പ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകാനും നാരായണൻ ഉണ്ടായിരുന്നു. തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മേൽക്കുര ചെമ്പ് പാകിയതും തൃപ്പക്കുട മഹാദേവ ക്ഷേത്രത്തിൽ പുതിയ ഊട്ടുപുര സ്ഥാപിച്ചതും വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല തട്ട് പുതുക്കി പണിതതും വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലേക്കുള്ള റോഡ് നവീകരിച്ചതും കീഴൂർ ശാസ്ത ക്ഷേത്രത്തില ദേവസ്വം ഓഫീസ്, ചുറ്റമ്പലം, തുറവുർ, എഴുപുന്ന ക്ഷേത്രങ്ങളിലെ കുളങ്ങൾ എന്നിവ നവീകരിച്ചതും കീഴൂർ ഡി.ബി കോളേജിന്റെ സമഗ്ര വികസനവും പി. നാരായണന്റെ നേതൃത്വത്തിലായിരുന്നു.