പാലാ : മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റത്ത് സ്ഥാപിക്കുമെന്ന് നാട്ടുകാർ കരുതുന്നതും എന്നാൽ നടക്കാത്തതുമായ ഒരു പദ്ധതിയായിരുന്നു ഇടമറ്റത്തെ തൊഴിൽ പരിശീലന പാർക്ക്. അഡീഷൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്പ്) കീഴിൽ മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റത്തായിരുന്നു കമ്യൂണിറ്റി സ്‌കിൽ പാർക്ക് എന്ന സ്വപ്ന പദ്ധതിയുടെ തുടക്കം. എല്ലാ തൊഴിൽ മേഖലയെ സംബന്ധിച്ചും വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുകയായിരുന്നു ലക്ഷ്യം. പഠന ശേഷവും വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം ലഭിക്കാവുന്ന രീതിയിൽ 24 മണിക്കൂറും ഇവിടെ പ്രവർത്തന സമയം ഉണ്ടായിരുന്നു. നിശ്ചിതമായ ഫീസിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഇവിടെ പരിശീലനം ലഭ്യമാക്കാനായിരുന്നു പദ്ധതി. 35 വർഷമായി പ്രവർത്തനം ഇല്ലാതിരുന്ന പ്രദേശത്തെ ആദ്യകാല ഗവൺമെന്റ് എൽ.പി സ്‌കൂളിന്റെ ഒരേക്കർ സ്ഥലമായിരുന്നു ഇതിനായി കണ്ടെത്തിയത്
200ൽപ്പരം കോഴ്സുകൾ
കൃഷി, ഭക്ഷ്യസംസ്‌കരണം, ബ്യൂട്ടീഷ്യൻ, ബാങ്കിംഗ്, ഇലക്ട്രോണിക്‌സ്, ആരോഗ്യ പരിചരണം, തടികൾ കൊണ്ടുള്ള നിർമ്മാണം, ഹോസ്പിറ്റാലിറ്റി, മീഡിയ തുടങ്ങി 200ൽപരം കോഴ്‌സുകളായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ആകെ ചെയ്തത് 50 മരങ്ങൾ മുറിച്ച് മാറ്റി
11 കോടി മുടക്കി കെട്ടിടവും അനുബന്ധ വസ്തുവകകൾക്കുമായി നാലുവർഷം മുൻപ് ഓൺലൈൻ വഴി ടെണ്ടർ ക്ഷണിച്ചിരുന്നു. പിന്നീടിത് റദ്ദാക്കി. എന്നാൽ 2 വർഷം മുൻപ് ടെണ്ടർ റദ്ദാക്കിയ പദ്ധതികളുടെ പുനർനിർമ്മാണത്തിനായി വീണ്ടും ടെണ്ടർ പുതുക്കി. എന്നാൽ ഈ ലിസ്റ്റിൽ ഈ കേന്ദ്രത്തിന് സ്ഥാനം ലഭിച്ചുമില്ല. അങ്ങനെ ഈ പദ്ധതി അനിശ്ചിതത്വത്തിലായി. ഒരു രാഷ്ട്രീയ കക്ഷികളും പദ്ധതിയുടെ പുറകേ പോയതുമില്ല. എന്നാൽ ഇവിടെ നിന്നിരുന്ന അൻപതോളം മരങ്ങൾ ഇതിന്റെ ഭാഗമായി വെട്ടിമാറ്റി. പിന്നീട് സ്‌കൂളും പരിസരവും കാടുകയറി നശിച്ച് പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.