കോട്ടയം: ഒരാഴ്ചയായി തിമിർത്തു പെയ്യുന്ന മഴയിൽ ജില്ലയിലുണ്ടായത് കനത്ത കൃഷി നാശം. 674.76 ഹെക്ടറിലെ കൃഷി നശിച്ചപ്പോൾ 14.66 കോടി രൂപയാണ് കർഷകർക്ക് നഷ്ടമായത്. കൊവിഡ് മൂലം ദുരിതത്തിലായ കർഷകർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമാണ്.
28 മുതൽ ബുധനാഴ്ചവരെയുണ്ടായ കനത്തമഴയും ഒപ്പമുണ്ടായ കാറ്റുമാണ് വില്ലനായത്. തെങ്ങും ഏത്തവാഴയും റബറും കവുങ്ങും നിലംപതിച്ചു. വെള്ളംകയറിയാണ് പടിഞ്ഞാറൻ മേഖലയിലെ നെൽകൃഷി നശിച്ചത്. ഓണത്തോട് അനുബന്ധിച്ച് നട്ട പച്ചക്കറിയും നശിച്ചിട്ടുണ്ട്. 591.2 ഹെക്ടർ നെൽപ്പാടത്ത് വെള്ളംകയറി. 2.3 ഹെക്ടർ സ്ഥലത്തെ പന്തൽകൃഷി നശിച്ചയിനത്തിൽ 1.04 ലക്ഷം രൂപയും 5.4 ഹെക്ടറിലെ പന്തൽരഹിത കൃഷിയിനത്തിൽ 2.16 ലക്ഷം രൂപയുടെയും നാശം സംഭവിച്ചു. രണ്ട് ഹെക്ടറിലെ കായ്ഫലമുള്ള തെങ്ങ് നശിച്ച് 3.54 ലക്ഷം രൂപയുടേയും നഷ്ടമുണ്ടായി.
തെങ്ങ്: നഷ്ടം 15.93 ലക്ഷം
ഏത്തക്കുല : 131.73 ലക്ഷം
കുലയ്ക്കാത്തത് : 76.74 ലക്ഷം
റബർ: 24.76 ലക്ഷം രൂപ
മരച്ചീനി: 2.61 കോടി രൂപ
2019ലുണ്ടായ നാശനഷ്ടത്തിന് ഇൻഷുറൻസ് തുക ലഭിച്ചു. ചിലർക്ക് വിത്ത് നൽകി. ഇപ്പോഴുണ്ടായ നഷ്ടത്തിനും ഉടൻ പരിഹാരമുണ്ടാക്കണം''
എം.കെ.ദിലീപ്, അപ്പർ കുട്ടനാട് കാർഷിക വികസന സമിതി