urul-pottal
ദേവികുളം ലോക്ക്ഹാർട്ട് ഗ്യാപ്പിലുണ്ടായ മലയിടിച്ചിൽ

ദേവികുളം.കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ ദേവികുളം ലോക്ക്ഹാർട്ട് ഗ്യാപ്പിൽ വീണ്ടും മലയിടിച്ചിൽ. ഇളകി നിന്നിരുന്ന പാറക്കൂട്ടങ്ങളും മണ്ണും മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തി അടിവാരത്ത് കിളവിപാറയിലെ നിരവധിപ്പേരുടെ കൃഷിയിടങ്ങൾ തകർത്തു. ഒരു തടയണ തകർന്നു. കഴിഞ്ഞ തവണയുണ്ടായ മലയിടിച്ചിലിൽ കൃഷിനാശം നേരിട്ട കർഷകരുമായി തഹസീൽദാരുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടത്താനിരിക്കുകയായിരുന്നു.ജൂൺ 17 ന് അവസാനമായി വലിയതോതിൽ മലയിടിഞ്ഞ ഭാഗത്ത് ബുധനാഴ്ച്ച രാവിലെ ചെറിയ ഉരുൾപൊട്ടൽ സംഭവിച്ചിരുന്നു. തുടർന്ന് രാത്രിയിൽ പാറക്കൂട്ടങ്ങളും, മണ്ണും വൻതോതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഒഴുകിയെത്തിയ വെള്ളവും ചെളിയും മുട്ട്കാട് പാടശേഖരത്തിൽ എത്തിയതായി പറയുന്നു.ഇടിച്ചിലുണ്ടായതിന്റെ അടിവാരത്തെ കിളവിപാറയിൽ നിരവധി ഏക്കറിലെ ഏലം ഉൾപ്പെടെയുള്ള കൃഷി നശിച്ചു. കുന്നേൽ ബേബിയുടെ നാലേക്കർ, പറക്കാലായിൽ സജിയുടെ ഒരേക്കർ, കരീം എസ്റ്റേറ്റിലെ 5 ഏക്കർ, പാറക്കാലായിൽ അനുമോന്റെ ഒരേക്കർ, പുകമല ഗോപിയുടെ അരയേക്കർ സ്ഥലത്തെ കൃഷി നശിച്ചു. കരീം എസ്റ്റേറ്റ് ഭാഗത്തെ ചെറിയ തടയണയും, വേണാട് കിളവിപാറ റൂട്ടിലെ ചെറിയ നടപ്പാലവും തൽകർന്നു.