മൂന്നാർ:മഴ കനത്തതോടെ പ്രളയ ഭീതിയിലാണ് മൂന്നാർ. മുതിരപ്പുഴയാർ കരകവിഞ്ഞെു.മൂന്നാർ ഹൈറേഞ്ച് സ്‌കൂളിന്റെ സ്‌കൂൾ ബസ്സിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. നിരവധി വീടുകളിലും, കടകളിലും വെള്ളം കയറി. വെള്ളപ്പൊക്ക സാദ്ധ്യത മുന്നിൽ കണ്ട് ഹെഡ്‌വർക്‌സ് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ദേവികുളം ഗവ. ഗസ്റ്റ് ഹൗസിന് പിന്നിൽ മരം വീണ് അടുക്കള തകർന്നു. നിരവധി വീടുകൾക്കും നാശ നഷ്ടം.കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി ശക്തമായ മഴയാണ് മൂന്നാർ, ദേവികുളം മേഖലകളിൽ രേഖപ്പെടുത്തുന്നത്.തോരാതെ പെയ്യുന്ന മഴയിൽ മുതിരപ്പുഴയാറും കൈവഴികളും കരകവിഞ്ഞു. മുതിരപ്പുഴയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. കഴിഞ്ഞ പ്രളയത്തിന് സമാനമായ രീതിയിലാണ് മൂന്നാറിലെ അവസ്ഥ.വീശിയടിക്കുന്ന ശക്തമായ കാറ്റിലും മൂന്നാർ ദേവികുളം മേഖലകളിൽ വൻ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജി.എച്ച് റോഡിൽ വ്യാപാരിയുടെ വീടിന് മുകളിലേയ്ക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു.