കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ ഒൻപത് വയസുകാരൻ മരിച്ചു. മാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് നേഴ്‌സായ പെരുനിലത്തിൽ സന്ധ്യയുടെയും വിനോദിന്റെയും മകൻ ശ്രീഹരി (9) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഛർദ്ദി ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പോയി മടങ്ങി വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഉടൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിപ്പിച്ച ശേഷം കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. വെള്ളിയാഴ്ച കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം ചെയ്യും. മേമ്മുറി തച്ചേരിമുട്ടിലെ കുടുംബക്ഷേമ കേന്ദ്രത്തിലാണ് ഇവർ താമസിക്കുന്നത്. വിനോദ് കുറുപ്പന്തറയിൽ ബേക്കറി നടത്തുകയാണ്. ശ്രീഹരി കുറവിലങ്ങാട് ഡി പോൾ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ ഒൻപത് മാസം പ്രായമായ ശ്രീദേവ്.