franco

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് കർശന ഉപാധികളോടെ കോട്ടയം സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.

കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് വരെ ജില്ല വിട്ടുപോകരുതെന്നും എല്ലാ വിചാരണ ദിവസങ്ങളിലും ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. നേരത്തെ കോടതി പല തവണ സമൻസ് അയച്ചിട്ടും ഫ്രാങ്കോ ഹാജരായിരുന്നില്ല. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എഫ്.ഐ.ആർ റദ്ദാക്കാൻ ഫ്രാങ്കോ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് കോട്ടയം സെഷൻസ് കോടതിയെ സമീപിച്ചത്.

പുതിയ രണ്ട് ജാമ്യക്കാർ കെട്ടിവച്ച ബോണ്ടിലാണ് ഫ്രാങ്കോയ്‌ക്ക് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 13ന് കോടതി കുറ്റപത്രം വായിച്ച് കേൾപ്പിക്കും. ഈ ദിവസം ഫ്രാങ്കോ നേരിട്ട് ഹാജരാകണം. കഴിഞ്ഞതവണ നോട്ടീസ് അയച്ചപ്പോൾ കൊവിഡാണെന്നായിരുന്നു വാദം. ഈ സാഹചര്യത്തിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ ജലന്ധറിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് ഫ്രാങ്കോയുടെ അഭിഭാഷകൻ വാദിച്ചു. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ പരിശോധന പൂർത്തിയാക്കി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇതിന് ആരോഗ്യ വകുപ്പിന് കൂടുതൽ നടപടി സ്വീകരിക്കാമെന്ന് കോടതി നിരീക്ഷിച്ചു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ജിതേഷ് ജെ.ബാബുവും, പ്രതിഭാഗത്തിനായി അഡ്വ.സി.എസ് അജയനും, സുദീഷ് കുമാറും ഹാജരായി.