കോട്ടയം: കൊവിഡ് സാമൂഹ്യ വ്യാപന ഭീതിപടർത്തുന്നതിനിടെ ഉരുൾപൊട്ടലും കാറ്റും തോരാമഴയുമായ് പ്രളയഭീതിയിൽ കോട്ടയം ജില്ല. മീനച്ചിൽ,മണിമല, മൂവാറ്റുപുഴയാറുകൾ കരകവിഞ്ഞതോടെ ജില്ലയുടെ കിഴക്ക് പടിഞ്ഞാറൻ മേഖലകൾ വെള്ളത്തിലായി. 15 ദുരിതാശ്വാസ ക്യാമ്പുകൾ ഉച്ചവരെ തുറന്നു.മുന്നൂറിലേറെ പേർ ക്യാമ്പിലുണ്ട്. ഇന്നലെ രാവും പകലും തോരാമഴയായിരുന്നു. ഒപ്പം കിഴക്കൻ മലനിരകളിൽ ഉരുൾപൊട്ടിയതോടെ മലവെള്ളപ്പാച്ചിലും ശക്തമായി. കിഴക്കൻ മേഖലയിൽ മഴ ശമിക്കാത്തതിനാൽ വീണ്ടും ഉരുൾപൊട്ടാനുള്ള സാദ്ധ്യതയുണ്ട്. കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലായതോടെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കൂടും. ആരോഗ്യവകുപ്പ്, പൊലീസ് ,റവന്യൂ ഉദ്യോഗസ്ഥർക്ക് ഒരേസമയം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പും പ്രവർത്തിപ്പിക്കുക വലിയ വെല്ലുവിളിയാകും. ആളുകളെ സാമൂഹ്യ അകലം പാലിച്ച് പാർപ്പിക്കുക ബുദ്ധിമുട്ടാവും. ക്വാറന്റൈനിൽ കഴിയുന്നവർക്കായി പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൊവിഡ് സാമൂഹ വ്യാപന സാദ്ധ്യതയേറും.
ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്
2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ദ്ധ സമിതിയും വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാദ്ധ്യത മുന്നിൽ കണ്ട് തയാറെടുപ്പുകൾ പൂർത്തീകരിക്കണം.
അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലേക്ക് മാറണം. ദുരിതാശ്വാസ ക്യാമ്പുകളിൽ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാദ്ധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം. ദുരന്ത സാദ്ധ്യതാ മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കണം.
നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണാനോ സെൽഫിയെടുക്കാനോ കൂട്ടംകൂടി നിൽക്കാനോ പാടില്ല.