പാലാ: കനത്ത മഴയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പാലാ നഗരത്തിൽ വെള്ളംകയറി. പല സ്ഥലങ്ങളിലും വാഹനഗതാഗതം ഉൾപ്പെടെ തടസപ്പെട്ടു. പാലാ നഗരത്തിൽ കൊട്ടാരമറ്റം, സ്റ്റേഡിയം ജംഗ്ഷൻ,മഹാറാണി, രാജധാനി ഹോട്ടലുകൾ, യൂണിവേഴ്‌സൽ തീയേറ്റർ എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ വ്യാപാരികൾ തങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റി. പാലാ പൂഞ്ഞാർ സംസ്ഥാന പാതയിൽ പനയ്ക്കപ്പാലം, ഇടപ്പാടി, മൂന്നാനി എന്നിവിടങ്ങിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെട്ടു.പാലാ വൈക്കം റോഡിൽ ആണ്ടൂർ ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമായി.
പാലാ രാമപുരം റോഡിൽ മുണ്ടുപാലം; പാലാ കോട്ടയം റോഡിൽ മത്തോലി പാലാ തൊടുപുഴ റോഡിൽ ഞൊണ്ടിമാക്കൽ കവല, പാലാ പൂഞ്ഞാർ സംസ്ഥാന പാതയിൽ മൂന്നാനി, ഇടപ്പാടി, പനയ്ക്കപ്പാലം: പാലാ പൊൻകുന്നം റോഡിൽ കടയം, കുറ്റില്ലം എന്നിവിടങ്ങളിലും വെള്ളം കയറി. പാലായിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ബസ് സർവീസുകളൊന്നും നഗരത്തിൽ പ്രവേശിക്കുന്നില്ല. ജില്ലാ കളക്ടർ എം.അഞ്ജന മീനച്ചിൽ താലൂക്ക് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച
നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങളുടെ കൂടുതൽ ഏകോപനത്തിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമനും
സ്ഥലത്തെത്തിയിട്ടുണ്ട്. ജോസ്.കെ.മാണി.എം.പി.,മാണി.സി.കാപ്പൻ എം.എൽ.എ എന്നിവർ വെള്ളം കയറിയ സ്ഥലങ്ങൾ സന്ദർശിച്ചു.