ചങ്ങനാശേരി : കനത്ത മഴയെ തുടർന്ന് പടിഞ്ഞാറൻ മേഖല വെള്ളത്തിൽ മുങ്ങി. ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനെത്തുടർന്ന് കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ ആറുകളും തോടുകളും നിറഞ്ഞൊഴുകിയതിനെ തുടർന്നാണ് പ്രദേശം വെള്ളത്തിനടിയിലായത്. കുട്ടനാടിന്റെ വിവിധ മേഖലകളിൽ ജലനിരപ്പുയർന്നു. അപകടസാദ്ധ്യത കണക്കിലെടുത്ത് പൊലീസും റവന്യു വകുപ്പും കനത്ത ജാഗ്രതയിലാണ്.
ആലപ്പുഴ - ചങ്ങനാശേരി റോഡിൽ പൂവം പെട്രോൾ പമ്പിനു സമീപത്തും പാറയ്ക്കൽ കലുങ്ക് മുതൽ കിടങ്ങറ വരെയും റോഡിൽ വെള്ളം നിറഞ്ഞു. പായിപ്പാട് പഞ്ചായത്തിന്റെ ഒന്നാം വാർഡിലെ 150 ഓളം വീടുകൾ വെള്ളപ്പൊക്ക ഭീതിയിലാണ്. കൊവിഡ് ഭീതിയെ തുടർന്ന് ജനങ്ങൾ ക്യാമ്പിലേക്ക് മാറാനും തയ്യാറാകുന്നില്ല.