ac-rd

ചങ്ങനാശേരി: കനത്തമഴയിൽ പടിഞ്ഞാറൻ മേഖല വെള്ളത്തിൽ മുങ്ങി. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും എസി റോഡിലും വെള്ളം കയറി. കനത്ത മഴയോടൊപ്പം കിഴക്കൻ വെള്ളവും ഒഴുകിയെത്തിയതോടെ പുത്തനാറും നിറഞ്ഞുകവിഞ്ഞു. എ.സി റോഡ് പുറമ്പോക്ക് കോളനി,പൂവം,അംബേദ്കർ കോളനി, മനയ്ക്കച്ചിറ, പാറയ്ക്കൽ എന്നിവടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിത്തുടങ്ങി. പായിപ്പാട് പഞ്ചായത്തിലെ മൂലേപുതുവൽ, നക്രാൽപുതുവൽ, അറുനൂറിൽപുതുവൽ, കോമങ്കേരിച്ചിറ, എടവന്തറ, എസി കോളനി, എസി റോഡ് കോളനി, കാവാലിക്കരിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളിലും വീടുകളിലും വെള്ളംകയറി. വാഴപ്പള്ളി പഞ്ചായത്തിൽ വെട്ടിത്തുരുത്ത്,തുരുത്തേൽ,പറാൽ,കുമരങ്കരി,നത്തനടിച്ചിറ,ഈരത്ര ഇഞ്ചൻതുരുത്ത്,ചാമ,തൂപ്രം,ചീരഞ്ചിറ,പുതുച്ചിറ തൃക്കൊടിത്താനം പഞ്ചായത്തിൽ ഇരുപ്പാ, പൊട്ടശേരി,ചെറുവേലി കുറിച്ചി പഞ്ചായത്തിലെ അട്ടച്ചിറ ലക്ഷം വീട് കോളനിയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളം കയറിയ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ആവശ്യമെങ്കിൽ ദുരിത ബാധിതർക്കായി ക്യാമ്പുകൾ ആരംഭിക്കുമെന്ന് താലൂക്ക് തഹസിൽദാർ അറിയിച്ചു.ഇതിനായി താലൂക്ക് ഓഫിസിലും വില്ലേജ് ഓഫീസുകളിലുമായി 24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾ റും തുറന്നിട്ടുണ്ട്.