ഈരാറ്റപേട്ട: കനത്തമഴയെ തുടർന്ന് മലയോരമേഖലയിൽ ഉരുൾപൊട്ടിയതോടെ മീനച്ചിലാറ്റിൽ ഈരാറ്റുപേട്ട ഭാഗത്താണ് ജലനിരപ്പ് ആദ്യം ക്രമാതീതമായി ഉയർന്നത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മലയിഞ്ചിപ്പാറ കുഴുമ്പള്ളിയിലും പെരിങ്ങുളത്തുമാണ് ഉരുൾപൊട്ടിയത്. ഇതെതുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഈരാറ്റുപേട്ട മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും റോഡുകളും വെള്ളത്തിലായി. പെരിങ്ങുളത്ത് വള്ളിയാംതടത്തിൽ തൊമ്മച്ചന്റെ പുരയിടത്തിലും പതാംപുഴ മലയിഞ്ചിപ്പാറ കുഴുമ്പള്ളിൽ പരമേശ്വന്റെ പുരയിടത്തിലും ഇന്നലെ രാവിലെ 10 മണിയോടെയാണ്
ഉരുൾപൊട്ടിയത്. ഇവിടെ ഏക്കർ കണക്കിന് സ്ഥലത്തെ റബർ കൃഷി നശിച്ചു.പെരിങ്ങുളത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പുത്തൻപറമ്പിൽ മേരിയുടെ വീട് ഭാഗികമായി തകർന്നു: മേരിയെയും കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചിരുന്നതിനാൽ ദുരന്തം ഒഴിവായി.തിടനാട് പഞ്ചായത്തിലെ പാക്കയത്ത് ഏഴ് വീടുകളിലും തണ്ണിനാലിൽ മൂന്ന് വീടുകളിലും ഭരണങ്ങാനത്തിന് സമീപം അമ്പാറ നിരപ്പേൽ ഭാഗത്തെ മൂന്ന് വീടുകളിലും വെള്ളം കയറി. ഈരാറ്റപേട്ട മുനിസിപ്പാലിറ്റിയിലെ നടയ്ക്കൽ കൊല്ലംകണ്ടം ഭാഗത്ത് 6 വീടുകളിലും മുണ്ടക്കപ്പറമ്പ് ഭാഗത്ത് പത്ത് വീടുകളിലും വാഴമുറ്റം മുരിക്കോലിൽ അഞ്ച് വീടുകളിലും വെള്ളം കയറി. ഈരാറ്റപേട്ട ടൗൺ ക്രോസ് വെ പാലം തോട്ടുമുക്ക് ക്രോസ് വെ പാലം അരുവിത്തുറ കോളേജ് പാലം ചിറ്റാറ്റിൻകര പാലം എന്നിവയും വെള്ളത്തിൽ മുങ്ങി.