മുണ്ടാക്കയം : ഉരുൾപൊട്ടലിൽ വ്യാപക നാശമുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലുള്ളവരിലെ ഏറെപ്പേരെയും ഏന്തയാർ ജെ.ജെ.മർഫി സ്കൂളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഭക്ഷണവും വെള്ളവുമൊക്കെയുണ്ട്. പക്ഷേ, മണ്ണിടിഞ്ഞ് എന്തൊക്കെ നഷ്ടപ്പെട്ടെന്ന ആധിയാണ് ഇവിടെ കഴിയുന്ന കുടുംബങ്ങൾക്ക്. കൂട്ടിക്കൽ പഞ്ചായത്ത് ആറാം വാർഡ് മുണ്ടുടക്കൽ ശ്യാമള ജെയിംസും കുടുംബവും ഉരുൾപൊട്ടിയപ്പോഴേ ക്യാമ്പിലേയ്ക്ക് വന്നവരാണ്. കഴിഞ്ഞ രാത്രിയാണ് ഇവരുടെ വീടിന് അരികൂടെ മണ്ണും കല്ലുമിടിഞ്ഞ മലവെള്ളംപാഞ്ഞിറങ്ങിയത്. ''വീട്ടുപകരണങ്ങളും കൃഷിയും വളർത്തുമൃഗങ്ങളെയുമൊക്കെ ഇട്ടെറിഞ്ഞിട്ട് വരാൻഒരുമനസുമില്ലായിരുന്നു. പക്ഷേ, മൂന്നാറിൽ മണ്ണിനടിയിൽപ്പെട്ട് മരിച്ചവരുടെ കാര്യമോർത്തപ്പോൾ ഉടുത്തിരുന്ന തുണിയുമായി ക്യാമ്പിൽ വന്നവരാണ് ഞങ്ങൾ'' ശ്യാമള പറയുന്നു.
ശ്യാമളയുടെ ബന്ധുക്കളും അയൽവാസികളുമായ സാവിത്രിയും മണിയുമൊക്കെ സമാന അവസ്ഥയിലാണ്. ഇവിരുടെയെല്ലാം ആധി വീടിനെക്കുറിച്ച് ആലോചിച്ചാണ്. മൂന്ന് വർഷമായി ഇവിടെ തുടർച്ചയായി ഉരുൾപൊട്ടുന്നത്. പ്രാണഭയമില്ലാതെ ജീവിക്കാൻ കഴിയുന്നിടത്ത് രണ്ട് സെന്റ് സ്ഥലവും വീടുമെങ്കിലും കിട്ടണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. കൂട്ടിക്കൽ വല്യേന്ത പഴേവീട്ടിൽ കുര്യനും ഭാര്യജെസിയും മകൻ ജോബിയും സ്കൂളിലെ ക്യാമ്പിലെ മുറിയിലാണ്. ഇവർക്കും വീടിനെക്കുറിച്ചുള്ള ആധിക്ക് കുറവൊന്നുമില്ല. കുര്യന്റെ സഹോദരി വേലംപറമ്പിൽ ആനിയമ്മയുടെ കൃഷി സ്ഥലം മുഴുവൻ ഒലിച്ചു പോയിട്ടുണ്ട്. എന്തൊക്കെ നശിച്ചെന്ന് പോലും അറിയാതെയാണ് ആനിയമ്മ ക്യാമ്പിൽ കഴിയുന്നത്.
സുകന്യയുടെ പഠനവും മുടങ്ങി
കോരുത്തോട് സി.കെ.എം.ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ളാസുകാരി സുകന്യയും മുത്തശി മണിക്കൊപ്പം ക്യാമ്പിലുണ്ട്. മണിയുടെ വീട്ടിൽ വന്നതാണ് സുകന്യ. അപ്പോഴാണ് ഉരുൾപൊട്ടിയത്. വീട്ടിൽ സ്മാർട്ട് ഫോണില്ലാത്തതിനാൽ സുകന്യ പഠിച്ചിരുന്നത് ടി.വി നോക്കിയായിരുന്നു. ക്യാമ്പിലെത്തിയതോടെ പഠനവും മുടങ്ങി. സുകന്യയുടെ അച്ഛൻ സുഭാഷ് കെട്ടിട നിർമാണ തൊഴിലാളിയാണ്.