കുറവിലങ്ങാട് :മഴയിൽ കുറവിലങ്ങാടും സമീപ പ്രദേശങ്ങളും മുങ്ങി. സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിന്റെ കോഴായിലെ കൃഷിയിടം പൂർണമായും വെള്ളത്തിനടിയിലായി. സ്വകാര്യ ബാസ് സ്റ്റാൻഡിൽ നാലടി ഉയരത്തിൽ വെള്ളം കയറി. സ്റ്റാന്റിന് ചുറ്റുമുള്ള കടകളിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. സെൻട്രൽ ജംഗ്ഷനിൽ വൈക്കം റോഡിൽ ജലനിരപ്പ് ഉയർന്ന് ഗതാഗതം പൂർണ്ണായും സ്തംഭിച്ചു. എം.സി റോഡിൽ പള്ളിക്കവല മുതൽ പാറ്റാനി ജംഗ്ഷൻ വരെ നാലടിയോളം ജലനിരപ്പ് ഉയർന്നു. സെൻട്രൽ ജംഗ്ഷനിൽ ടോറസ് ലോറികൾ കടന്നുപോകുന്നതിനിടെ കടകളിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ വ്യാപാരസ്ഥാപനങ്ങളുടെ ഷട്ടറുകൾക്ക് കേടുപാട് സംഭവിച്ചു. ഇതിനെതുടർന്ന് നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു. കടപ്ലാമറ്റം, കാണക്കാരി, മാഞ്ഞൂർ, ഞീഴൂർ, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും ഗതാഗതതടസവുമുണ്ടായി. പഞ്ചായത്ത് മാർക്കറ്റിൽ ഉണക്കമീൻ ഉൾപ്പെടെ സാധനങ്ങൾ ഒലിച്ചുപോയി. പള്ളിക്കവലയിലും സെൻട്രൽ ജംഗ്ഷനിലുമുള്ള മുഴുവൻ കടകളിലും വെള്ളം ഇരച്ചുകയറി നാശനഷ്ടമുണ്ടായി. കോഴാ-വെമ്പള്ളി തോട് കരകവിഞ്ഞ് ഒഴുകി. കോഴാ മുതൽ കാളികാവ് വരെ കുറവിലങ്ങാടിന്റെ നല്ലൊരു ഭാഗം വെള്ളത്തിൽ മുങ്ങി. കളത്തൂർ, കുര്യം, കോഴാ, കാളികാവ്, തോട്ടുവാ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകകൃഷിനാശവും ഉണ്ടായി.കോഴാ വേട്ടയ്ക്കരയൻ ക്ഷേത്രം ഭാഗീകമായി വെള്ളത്തിൽ മുങ്ങി.
സിവിൽ സപ്ലൈസ് ഗോഡൗണിൽ വെള്ളം കയറി.
സിവിൽ സപ്ലൈസിന്റെ കീഴിലുള്ള കുറവിലങ്ങാട്ടെ റേഷൻ ഗോഡൗണിൽ സംഭരിച്ചിരുന്ന അരിച്ചാക്കുകൾ വെള്ളത്തിനടിയിലായി. സ്വകാര്യ വ്യക്തികളുടെ അരി ഗോഡൗണുകളിലും വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഒഴുക്കിൽ പെട്ടു.
കുറവിലങ്ങാട് : ബസ് സ്റ്റാൻഡിന് സമീപം ഒഴുക്കിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. പി.പി. ജോർജ് എന്നയാളാണ് ഒഴുക്കിൽപെട്ടത്.