കോട്ടയം : ശക്തമായ മഴയെത്തുടർന്ന് നദികളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ ദുരന്ത സാധ്യതാ മേഖലകളിലുള്ള എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ജില്ലയുടെ കിഴക്കൻ മേഖലകളിൽ ആളുകളെ ഒഴിപ്പിക്കുന്ന നടപടി ഏറെക്കുറെ പൂർത്തിയായിട്ടുണ്ട് ഇന്നലെ വൈകിട്ട് ഏഴു വരെ ജില്ലയിൽ 34 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 206 കുടുംബങ്ങളിലെ 610 പേരാണ് ക്യാമ്പുകളിലുള്ളത്. പൊതു വിഭാഗത്തിനുള്ള 29 ക്യാമ്പുകളും അറുപതു വയസിനു മുകളിലുള്ളവർക്കായി സജ്ജീകരിച്ച നാലു ക്യാമ്പുകളും കോവിഡ് ക്വാറന്റയിനിൽ കഴിയുന്നവർക്കായി ഒരു ക്യാമ്പുമാണ് പ്രവർത്തനമാരംഭിച്ചത്.
2018ലും 2019ലും പ്രളയത്തെത്തുടർന്ന് ജലനിരപ്പ് ഉയരുകയും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുകയും ചെയ്ത പ്രദേശങ്ങളിലെ എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനാണ് കളക്ടർ എം. അഞ്ജന ഉത്തരവിട്ടിരിക്കുന്നത്. തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല ക്യാമ്പുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ചാർജ് ഓഫീസർമാർ ഉറപ്പാക്കണം. പ്രോട്ടോക്കോൾ പാലിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും വൈദ്യ സഹായവും ആരോഗ്യവകുപ്പ് നൽകും.
ചുമതലയുള്ള ഉദ്യോഗസ്ഥർക്കൊഴികെ പുറത്തുനിന്ന് ആർക്കും ക്യാമ്പുകളിൽ പ്രവേശനം അനുവദിക്കാൻ പാടില്ല. ഇത് ലംഘിച്ച് ആരെങ്കിലും പ്രവേശിച്ചാൽ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നിയമനടപടികൾ സ്വീകരിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധ നിർദേശങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ പുറത്തുനിന്നുള്ള ഭക്ഷണം വിതരണം ചെയ്യാൻ പാടില്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.