story

കോട്ടയം: അപ്പർ കുട്ടനാടിന് ഭീഷണിയായി എക്കൽ അടിഞ്ഞ് രൂപപ്പെട്ട ചീപ്പുങ്കലിലെ തുരുത്ത് നീക്കംചെയ്യാൻ തീരുമാനം. കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ഇതോടെ കിഴക്കൻ വെള്ളത്തിന് തടസംകൂടാതെ ഒഴുകിപ്പോവാനാവും. അപ്പർകുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾക്ക് വെള്ളക്കെട്ടിൽ നിന്നും മോചനവുമാവും. ചീപ്പുങ്കൽ പാലത്തിന് പടിഞ്ഞാറുഭാഗത്ത് രൂപപ്പെട്ട 'ചെറുദ്വീപിനെ'ക്കുറിച്ച് കഴിഞ്ഞദിവസം 'ഫ്ലാഷ്' റിപ്പോർട്ട് നല്കിയിരുന്നു.

ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ, കൃഷി വകുപ്പ് ഡയറക്ടർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഒഴുക്കിന് വിഘാതമായി നാലര ഏക്കറോളം സ്ഥലത്താണ് എക്കൽ അടി‌ഞ്ഞുകിടക്കുന്നത്. കരഭൂമിയായി മാറിയ ഇവിടെ പുല്ലുകൾ വളർന്ന് കാടായി മാറിയിരുന്നു. ഇതിനാൽ പുഴയ്ക്ക് നിർബാധം ഒഴുകാൻ സാധിക്കുമായിരുന്നില്ല. ഇതുകാരണം ചെറിയൊരു മഴ പെയ്താലും വെള്ളം കെട്ടിക്കിടക്കും. അയ്മനം, ആർപ്പുക്കര ഭാഗങ്ങളിൽ വെള്ളം കെട്ടിനിന്ന് താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുക നിത്യസംഭവമാണ്. എക്കൽ പൊട്ടിച്ച് കളയുന്നതോടെ പെണ്ണാർ തോട്ടിൽ നിന്നും കൈപ്പുഴയാറിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന് നിർബാധം ഒഴുകിപോകാനാവും.