കിഴക്ക് ഇറക്കം, പടിഞ്ഞാറ് കയറ്റം
കോട്ടയം : വർഷകാലത്ത് ആറുകളിലും തോടുകളിലും നിറയുന്ന വെള്ളം വേമ്പനാട്ട് കായലിൽ എത്തി തോട്ടപ്പള്ളി സ്പിൽവേ വഴി കടലിലേക്കൊഴുകുന്ന സ്വാഭാവിക പ്രക്രിയ തടസപ്പെട്ടതോടെ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടും പടിഞ്ഞാറൻ മേഖലയിൽ വെള്ളമുയരുന്നു. കടൽക്ഷോഭിച്ച് രണ്ടരയടിയോളം ഉയർന്നു നിൽക്കുന്നതിനാൽ തോട്ടപ്പള്ളി പൊഴിമുറിച്ചിട്ടും വെള്ളം കടലിലേക്കൊഴുകാതെ തിരിച്ചൊഴുകുകയാണ്. ഇതോടെ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ് താഴാൻ ദിവസങ്ങളെടുത്തേക്കും.
മീനച്ചിൽ ആറ്റിൽ ഉയർന്ന വെള്ളമാണ് വേമ്പനാട്ട് കായലിൽ എത്തുന്നത്. കടലിലേക്ക് ഒഴുക്കില്ലാതായതോടെ കായലിലും ജലനിരപ്പ് ഉയർന്നു. എക്കൽ നിറഞ്ഞ് കായലിന്റെ പല ഭാഗങ്ങളും നികന്നു. ഡ്രഡ്ജിംഗ് നടത്തി കായൽ ആഴം കൂട്ടണമെന്ന ആവശ്യം ശക്തമായിട്ടും ഫണ്ടിന്റെ അപര്യാപ്തത കാരണംനടന്നില്ല. ഇതോടെ ആറുകളിലും തോടുകളിലുമൊഴുകിയെത്തിയ വെള്ളം പടിഞ്ഞാറൻ മേഖലയിൽ കായലിൽ ഒഴുകിയെത്തിയിട്ടും പ്രയോജനമില്ലാതായി. ഓടകളും മറ്റും നിറഞ്ഞുള്ള വെള്ളക്കെട്ടിന് പിറകേ മലവെള്ളപ്പാച്ചിൽ കൂടിയായതോടെ പടിഞ്ഞാറൻ മേഖല ഒറ്റപ്പെടുകയാണ്.
കൂടുതൽ ക്യാമ്പുകൾ തുറന്നേക്കും
കുമരകം,തിരുവാർപ്പ് വൈക്കം,വെച്ചൂർ കല്ലറ, എന്നിവിടങ്ങളിൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ട സ്ഥിതിയാണ്. കുമരകം പ്രദേശത്ത് കൊവിഡ് വ്യാപനം ശക്തമായി നിൽക്കുന്നതിനാൽ ദുരിതാശ്വാസ ക്യമ്പ് തുറക്കുന്നതും വെല്ലുവിളിയാണ്. ഒട്ടുമിക്ക സ്കൂളുകളും വെള്ളത്തിലായതോടെ മതിയായ ടോയ്ലെറ്റ് സൗകര്യത്തോടെ ക്യമ്പുകൾക്ക് സ്ഥലം കണ്ടെത്താനും സാമൂഹ്യഅകലം പാലിച്ച് താമസമൊരുക്കാനും ബുദ്ധിമുട്ടാണ്. ക്യാമ്പുകളിൽ കൊവിഡ് പരിശോധന നടത്തണം. ക്വാറന്റൈനിൽ കഴിയുന്നവർക്ക് പ്രത്യേക മുറിയും ടോയ്ലെറ്റ് സംവിധാനവും വേണം. അണുവിമുക്തമാക്കണം. അറുപതു വയസ് കഴിഞ്ഞവർക്ക് പ്രത്യേക ക്യാമ്പ് തുറക്കണം എന്നിങ്ങനെയാണ് നിർദ്ദേശം. വിവിധ ക്യാമ്പുകളിൽ ആയിരത്തോളം ആളുകൾ എത്തിയതോടെ ഇതൊക്കെ പ്രായോഗികമാകുമോയെന്നാണ് അറിയേണ്ടത്.
ഗതാഗതവും തടസപ്പെട്ടു
റോഡുകളിൽ വെള്ളം കയറിയോടെ പാലാ, ഈരാറ്റുപേട്ട ,മുണ്ടക്കയം അടക്കം കിഴക്കൻ പ്രദേശങ്ങളിൽ ഉണ്ടായ ഗതാഗത തടസം ജലനിരപ്പ് താഴ്ന്നതോടെ മാറിയെങ്കിലും പടിഞ്ഞാറൻ മേഖലയിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ ആ പ്രദേശങ്ങളിൽ ഗതാഗതവും തടസപ്പെട്ടു. എ.സി റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തിവച്ചു. ബസുകൾ സർവീസ് നടത്തുന്നത് മങ്കൊമ്പ് ബ്ളോക്ക് ജംഗ്ഷൻ വരെയാണ്. കടുത്തുരുത്തിയ്ക്ക് സമീപം ബൈപാസ് റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കല്ലറ മുണ്ടാറിൽ 350 ഓളം വീടുകളിൽ വെള്ളംകയറി.