ac-road

കിഴക്കു മലനിരയും നടുക്ക് സമതലവും പടിഞ്ഞാറ് കായലുമുള്ള കോട്ടയത്തിന്റെ ഭൂ പ്രകൃതി അനുസരിച്ച് വെള്ളം കെട്ടി നിൽക്കേണ്ട കാര്യമില്ല. പരന്നൊഴുകി വേമ്പനാട്ടു കായലിലൂടെ കടലിൽ എത്തേണ്ടതാണ്. പക്ഷേ എത്തില്ല. ചെറു മഴ പെയ്ത് മാക്രി കരഞ്ഞാൽ വെള്ളം പൊങ്ങുന്ന അവസ്ഥയിലാണ് കിഴക്ക് പടിഞ്ഞാറൻ പ്രദേശങ്ങളും ഇപ്പോൾ സമതല പ്രദേശവും . ഇതിന് എന്നെങ്കിലും മാറ്റം വരുമോയെന്ന് ചോദിക്കുകയാണ് അരയറ്റം വെള്ളത്തിൽ നിന്ന് ചുറ്റുവട്ടത്തുള്ളവർ .

വാഗമൺ മലനിരകളിൽ നിന്ന് നീർച്ചാലായി ഒഴുകുന്ന മീനച്ചിലാറാണ് കോട്ടയം ജില്ലയുടെ കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ഒഴുകി വേമ്പനാട്ട് കായലിൽ എത്തുന്നത്. ഈരാറ്റുപേട്ട, പാലാ വഴി കോട്ടയത്തെത്തുന്ന മീനച്ചിലാറിൽ വെള്ളം കൂടിയാൽ ഒഴുകി പോകാൻ സംവിധാനമില്ല.

ഒരു ദിവസം നീണ്ടു നിന്ന മഴയിലാണ് പാലാ നഗരത്തിൽ വെള്ളം കയറിയത്. ഈരാറ്റുപേട്ട പാലാ റോഡ് അടച്ചത്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വെള്ളത്തിലായത്. പാലായിൽ അടക്കം സ്ഥിരം വെള്ളം കയറുന്നിടത്ത് റോഡ് ഉയർത്തിയിട്ടും പ്രയോജനമില്ലെന്നാണ് ഈ വർഷത്തെ വെള്ള പ്പൊക്കവും തെളിയിച്ചത്. കോട്ടയം കുമരകം റോഡും ഉയർത്തി എന്നാൽ ഓട നിർമിച്ചില്ല . ഓട നിർമിച്ചാലും കായലിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതിനാൽ വെള്ളം താഴോട്ട് ഒഴുകില്ല . ഇതിന് മാറ്റം വന്നാലേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകൂ. കുമരകം റോഡിൽ ഇല്ലിക്കൽ കവലയിൽ റോഡ് ഉയർത്തിയതാണ് . ഇല്ലിക്കൽ മുതൽ കുമരകം വരെ ഓടയില്ല . ഇക്കാരണത്താൽ ഒരു മഴ പെയ്താൽ ഗതാഗതം സ്തംഭിക്കുന്ന തരത്തിൽ വെള്ളം ഉയരും. കുമരകം അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായി വളർന്നിട്ടും തവള കരഞ്ഞാൽ വെള്ളം പൊങ്ങുന്ന പഴയകാല സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല .

പ്രകൃതിയുടെ കിടപ്പനുസരിച്ച് കോട്ടയം ജില്ലയിൽ വെള്ളക്കെട്ട് ഉണ്ടാകേണ്ട കാര്യമില്ല. ഉണ്ടാകുന്നുണ്ടെങ്കിൽ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളും ഭൂമി നികത്തലും വെള്ളം ഒഴുകി പോകാൻ കഴിയാത്ത തരത്തിൽ ഓടനിർമിക്കാതെ റോഡ് ഉയർത്തിയതും മഴക്കു മുമ്പ് മണ്ണും ചെളിയും മാറ്റി ഓടകൾ വൃത്തിയാക്കാത്തതും ആറുകളിലും തോടുകളിലും കായലിലും നിറയുന്ന എക്കൽ നീക്കം ചെയ്യാത്തതും അനധികൃതമായ മണ്ണുവാരലുമാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് മാറ്റം വന്നാലെ വെള്ളപ്പൊക്കത്തിനും ശമനമുണ്ടാകൂ. അതിനുള്ള ശാസ്ത്രീയ നടപടികളെക്കുറിച്ചാണ് ബന്ധപ്പെട്ടവർ ചിന്തിക്കേണ്ടത്. അല്ലാതെ തല തിരിഞ്ഞുള്ള വികസനത്തിന്റെ പേരിൽ കോടികൾ ചെലവഴിച്ചാൽ അത് പലരുടെയും പോക്കറ്റിൽ എത്തുന്നതല്ലാതെ വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാകില്ല. രാഷ്ട്രീയ സാമുദായിക താത്പര്യങ്ങൾക്കപ്പുറം പ്രളയ രഹിത കോട്ടയം എങ്ങനെ യാഥാർത്ഥ്യമാകണമെന്നാണ് ബന്ധപ്പെട്ടവർ ഇനിയെങ്കിലും ചിന്തിക്കേണ്ടത്..