മൂന്നാർ: ''ആദ്യം ചെറിയ ചൂളംവിളി. പിന്നീട് ഹെലികോപ്ടറിന്റേതു പോലെ ശബ്ദം. ലയം അപ്പാടെ കുലുങ്ങി. കുട്ടികൾ നിലവിളിച്ചു. മുറ്റത്തെ ചോല കുത്തിയൊലിച്ച് പായുന്നു. എന്താണെന്ന് മനസിലാകും മുമ്പേ ലയത്തിനു പിന്നിൽ കല്ലുംമണ്ണും അിടിഞ്ഞു വെള്ളംകയറി.''- പെട്ടിമുടിയിലുണ്ടായ ദുരന്തം ആദ്യമറിഞ്ഞ എസ്റ്റേറ്റ് തൊഴിലാളി ഷൺമുഖയ്യ വിങ്ങിവിങ്ങിപ്പറയുമ്പോൾ ദൈന്യതയും ഭീതിയും നിഴലിച്ചിരുന്നു കണ്ണുകളിൽ.
ഉരുൾപൊട്ടലിന് ഇരയായവരുടെ ലയങ്ങൾക്ക് മുകളിലെ ലയത്തിലാണ് ഷൺമുഖയ്യ ഉൾപ്പെടെ ഒമ്പത് കുടുംബങ്ങൾ കഴിയുന്നത്. വനത്തിൽ നിന്ന് ഉത്ഭവിച്ച് തേയിലക്കാട്ടിലൂടെ താഴേക്ക് ഒഴുകിയിറങ്ങുന്ന ചെറുചോല ഒരുനാടിനെ കണ്ണീരിലാക്കുമെന്ന് ഇവരാരും കരുതിയിരുന്നില്ല.
വ്യാഴാഴ്ച രാത്രി കുട്ടികളുമായി സംസാരിച്ചിരിക്കുമ്പോഴാണ് ഇരമ്പിയെത്തിയ വെള്ളവും കല്ലും ഷൺമുഖയ്യയുടെ ലയത്തിലുമെത്തിയത്. പുറത്തിറങ്ങി നോക്കുമ്പോൾ കുന്നിന്റെ ഒരുഭാഗം അപ്പാടെ ഇടിഞ്ഞ് താഴേക്ക് പതിക്കുന്നതാണ് കണ്ടത്. താഴത്തെ ലയങ്ങളെ മലവെള്ളം വിഴുങ്ങിയെന്ന് അപ്പോഴും കരുതിയിരുന്നില്ല. ടോർച്ചും തെളിച്ച് സെക്യൂരിറ്റി രാസയ്യയെ വിവരമറിയിക്കാൻ എത്തിയപ്പോഴാണ് ദുരന്തത്തിന്റെ ആഴമറിയുന്നത്. ലയങ്ങളുടെ പിന്നിലെ തോടിന്റെ അരികിലായി, രക്ഷിക്കണേയെന്ന അപേക്ഷ ഇതിനിടെ കേട്ടു. മുന്നോട്ടിറങ്ങിയപ്പോൾ അരയോളം ചെളിയിൽ താഴ്ന്നു. മറ്റുള്ളവർ ചേർന്നാണ് ഷൺമുഖയ്യയെ പിടിച്ചു കയറ്റിയത്.
കുട്ടികളെയും ഭാര്യയെയും സുരക്ഷിത സ്ഥാനത്താക്കിയ ശേഷം അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിലാണ് ഷൺമുഖയ്യ.