rain

മൂന്നാർ: പച്ചപുതച്ച മേടും പതഞ്ഞൊഴുകുന്ന അരുവിയുമൊക്കെയായി സുന്ദരമായിരുന്നു പെട്ടിമുടി രണ്ടു നാൾ മുമ്പുവരെ. പക്ഷേ,​ ഇന്നത് ശ്മശാന ഭൂമിയാണ്. രാത്രി ഉറക്കത്തിനിടെ ദുർവിധി ഉരുൾ പൊട്ടലിന്റെ രൂപത്തിലെത്തി ജീവനെടുത്തവരിൽ 18 പേരുടെ ചേതനയറ്റ ദേഹം ഇന്നലെ ഒരു കുഴിയിൽ മണ്ണോടു ചേർന്നു. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ നെഞ്ചുപൊട്ടിക്കരഞ്ഞ പാവപ്പെട്ട മനുഷ്യരുടെ വിലാപം,​ പെയ്തിറങ്ങിയ മഴയിൽ അലി‌ഞ്ഞുപോയി.പെട്ടിമുടി ശ്മാശാനത്തിലായിരുന്നു മൃതദേഹങ്ങൾ സംസ്കരിക്കാൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പൊതു മാനദണ്ഡത്തിൽ എല്ലാവരുടേയും മൃതദേഹങ്ങൾ രാജമലയുടെ പച്ചപ്പിൽ മറവ് ചെയ്യുകയായിരുന്നു. മൃതദേഹങ്ങൾ പെട്ടിമുടിയിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് തൊട്ടടുത്ത ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചുകൊണ്ടിരുന്നു. അവിടെ പോസ്റ്റുമോർട്ടത്തിന് ശേഷം രാജഗിരി മലയിൽ സംസ്കാരിക്കാൻ ഒരുങ്ങുമ്പോൾ സമയം വൈകിട്ട് മൂന്ന് മണിയോട് അടുത്തിരുന്നു. ചേതനയറ്റ് കിടക്കുന്നവരെ നോക്കി ഉറ്റവർ അലറിക്കരഞ്ഞു.ജെ.സി.ബി ഉപയോഗിച്ചാണ് വലിയകുഴി തയ്യാറാക്കിയത്. പെട്ടികളിലാക്കിയ മൃതദേഹങ്ങൾ കുഴിയിൽ ഒന്നൊന്നായി അടുക്കിവച്ചു. ആദ്യം ശിവകാമിയുടേത്. അരികിൽ സഹോദരൻ വിശാൽ, പിന്നെ അച്ഛൻ പനീർ ശേൽവം,​ അമ്മ നവമി... ഒരു ലയത്തിൽ ഒരു കുടുംബം പോലെ കഴിഞ്ഞവരുടെ അന്ത്യനിദ്ര‌യും ഒരുമിച്ച്. സംസ്കാരച്ചടങ്ങ് കഴിഞ്ഞയുടൻ ശക്തമായ മഴയും തുടങ്ങി.