ac-rd

പടിഞ്ഞാറൻ മേഖളയിൽ ജലനിരപ്പ് ഉയരുന്നു, ചങ്ങനാശേരിയിൽ ക്യാമ്പ് തുറന്നു

ചങ്ങനാശേരി: കനത്ത മഴയ്‌ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ എ.സി റോഡ് ഉൾപ്പെടെ ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. വരും ദിവസങ്ങളിൽ മഴ തുടർന്നാൽ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ഗുരുതരമാകുമെന്ന് റവന്യൂ അധികൃതർ പറയുന്നു. പെരുന്ന വെസ്റ്റ് വി.ബി.യു.പി സ്‌കൂളിൽ താലൂക്കിലെ ആദ്യത്തെ ക്യാമ്പ് തുറന്നു. ക്യാമ്പിലേക്ക് 11 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പുത്തനാർ കരകവിഞ്ഞതോടെയാണ് എ.സി റോഡിലേക്ക് വെള്ളം കൽരിയത്. ഇതിനെ തുടർന്ന് ചങ്ങനാശേരിയിൽ നിന്നും ആലപ്പുഴയ്ക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തിവെച്ചു. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയാണെങ്കിൽ എ.സി റോഡിൽ ജലനിരപ്പ് വീണ്ടും ഉയരും. ജലനിരപ്പ് അപകടകരമാംവിധം ഉയർന്നാൽ വാഹനഗതാഗതം പൂർണ്ണമായും നിരോധിക്കും. അപകട സാധ്യതകൾ കണക്കിലെടുത്ത് പൊലീസും റവന്യു വകുപ്പും ജാഗ്രതയിലാണ്.താഴ്ന്ന പ്രദേശമായ നക്രാൽ പുതപവേൽ, മൂലേപുതുവേൽ,അറുനീരിൽ പുതുവേൽ, കുമങ്കേരിച്ചിറ എന്നിവടങ്ങളിലെ വീടുകളിൽ വെള്ളംകയറി. നക്രാൽ പുതുവേലും അറുനൂറിൽ പുതുവേലും ഓറ്റപ്പെട്ട അവസ്ഥയാണപ്പോൾ.

കൊവിഡ് ഭീഷണി,ക്യാമ്പിലേക്കില്ല

വീടുകളിൽ വെള്ളം കയറിയിട്ടും കൊവിഡ് ഭീതിയിൽ പലരും ക്യാമ്പുകളിലേക്ക് പോകാൻ തയാറാകുന്നില്ല. എ.സി റോഡ് പുറമ്പോക്ക് കോളനി, പൂവം, അംബേദ്കർ കോളനി തുടങ്ങി ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി തുടങ്ങി. ദുരിത ബാധിതർക്കായി കൂടുതൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന് താലൂക്ക് തഹസിൽദാർ അറിയിച്ചു. ഇതിനായി താലൂക്ക് ഓഫിസിലും വില്ലേജ് ഓഫീസുകളിലുമായി 24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾറും തുറന്നിട്ടുണ്ട്.