കൊല്ലം:പ്രകൃതി ദുരന്തങ്ങളുടെയും കൊവിഡ് 19ന്റെയും പശ്ചാത്തലത്തിൽ കേരള ജനതക്ക് ആശ്വാസമേകാൻ എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് കർമ്മരംഗത്തിറങ്ങുമെന്ന് യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി രക്ഷാധികാരി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇതിനായി കേന്ദ്ര യൂണിയൻ യൂണിറ്റ് തലത്തിൽ ധൃതകർമ്മസേന രൂപീകരിക്കും. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതിയുടെ അടിയന്തിര ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു തൂഷാർ വെള്ളാപ്പള്ളി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അതാത് പ്രദേശങ്ങളിൽ ധൃതകർമ്മ സേന പ്രവർത്തിക്കു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹെൽപ്പ് ഡസ്‌ക്കും ആരംഭിക്കും. ഓരോ ജില്ലയിലേയും പ്രവർത്തനങ്ങൾക്ക് അതാത് ജില്ലകളിലെ യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗങ്ങൾ നേതൃത്വം നൽകും. പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ക്രോഡീകരിക്കുന്നതിനായി സന്ദീപ് പച്ചയിൽ, രാജേഷ് നെടുമങ്ങാട് എന്നിവർ കൺവീനർമാരായി ജാഗ്രതാ സമിതിയും രൂപീകരിച്ചു. കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കേന്ദ്രസമിതി ഭാരവാഹികളായ സജീഷ് മണലേൽ, അനിൽ കണ്ണാടി, വിവേക് വൈക്കം എന്നിവരെ ചുമതലപ്പെടുത്തി.