gu

കോട്ടയം : കോടിമത നാലുവരിപ്പാതയിൽ നിറുത്തിയിട്ടിരുന്ന ലോറിയുടെ ബാറ്ററി മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞ ഡ്രൈവറുടെ തല അക്രമിസംഘം അടിച്ച് പൊട്ടിച്ചു. പുനലൂർ ഒറ്റയ്ക്കൽ മാങ്കോളത്ത് ഹൗസിൽ രാജന്റെ മകൻ രാജേഷിന് (35) ആണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങളും, നൂറുകണക്കിന് ആളുകളും നോക്കിനിൽക്കെയാണ് യുവാവിനെ സംഘം അടിച്ചു വീഴ്‌ത്തിയത്. രാജേഷിന്റെ പ്രതിരോധശ്രമത്തിനിടെ സംഘത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ കടന്നുകളഞ്ഞ സംഘത്തിലെ രണ്ടുപേരെ മണർകാട് ഭാഗത്തു വച്ച് പൊലീസ് പിടികൂടി. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് ചിങ്ങവനെ എസ്.എച്ച്.ഒ ബിൻസോ ജോസഫ് പറഞ്ഞു.