വൈക്കം: മൂവാറ്റുപുഴയാറിന്റെ കൈവഴികൾ കരകവിഞ്ഞതോടെ വൈക്കത്തും സമീപപ്രദേശങ്ങളിലുമായി അഞ്ഞൂറോളം വീടുകളിൽ വെള്ളം കയറി.
മഴയോടൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ താഴ്ന്ന പദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിലും വെള്ളം കയറുന്നുണ്ട്.
മേഖലയിൽ 11ഓളം ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ഉദയനാപുരം പഞ്ചായത്തിലെ വല്ലകം പാരീഷ് ഹാളിൽ തുറന്ന ക്യാമ്പിൽ 14 കുടുംബങ്ങളിലെ 43 പേരുണ്ട്. തലയാഴത്ത് കിഴക്കൻ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് എൻ.എസ്.എസ് ഹൈസ്‌കൂളിൽ ക്യാമ്പ് തുറന്നു. ടിവി പുരത്ത് പതിനൊന്നോളം വീടുകളിൽ വെള്ളം കയറി. വൈക്കം നഗരത്തിൽ അയ്യർകുളങ്ങര ഗവ.യു.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 12 കുടുംബങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്. ചാലപ്പറമ്പ് പ്രദേശത്തെ ഐ.എച്ച്.ഡി.പി കോളനിയിലും സമീപപ്രദേശങ്ങളിലുമുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചാലപ്പറമ്പ് ടി.കെ.എം.എം യുപി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിന് നടപടികൾ തുടങ്ങി.
വൈക്കം തലയോലപ്പറമ്പ് റോഡിൽ വടയാർ പടിഞ്ഞാറെക്കര ഭാഗത്തും പൊട്ടൻചിറ, വെള്ളം കയറി.
തലയോലപ്പറമ്പ് പഞ്ചായത്തിലെ കോരിക്കൽ, പഴംമ്പടി, മനയ്ക്കകരി, കാളുവേലി, മുണ്ടോടി, തേവലക്കാട് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 28 ഓളം കുടുംബങ്ങളെ ദേവസ്വം ബോർഡ് കോളേജിലെ ക്യാമ്പിലേക്ക് മാറ്റി. മറവൻതുരുത്ത് പഞ്ചായത്തിലെ ആലും ചുവട് കുളങ്ങര കോളനി, മണലേൽ കോളനി, കൊച്ചുപുരയ്ക്കൽ, ഇടവട്ടം പെരും കറുക, പടനിലം, പഞ്ഞിപ്പാലം, കള്ളുകടവ്, മൂഴിക്കൽ, ഇത്തിപ്പുഴ ചാലുകടവ് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. മറവൻതുരുത്ത് യുപി സ്‌കൂളിൽ ക്യാമ്പ് തുറന്നു.11 കുടുംബങ്ങളിലായി 23 പേർ ഉണ്ട്. വെള്ളൂർ പഞ്ചായത്തിലെ തീരപ്രദേശങ്ങളായ വാലേൽ ഭാഗം, ചെറുകര, വെട്ടിക്കാട്ട് മുക്ക് ഹൗസിംഗ് കോളനി, തോന്നല്ലൂർ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. വെട്ടിക്കാട്ട് മുക്ക് വെള്ളൂർ റോഡിൽ കോളോത്ത് ഭാഗത്ത് പുഴ കരകവിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു. ചെമ്പ് പഞ്ചായത്തിലെ ഏനാദി, തുരുത്തുമ്മ ,കാട്ടിക്കുന്ന് തുരുത്ത്, ശാസ്താം തുരുത്ത്,പൂക്കൈത തുരുത്ത് എന്നിവടങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളം കയറുന്ന നിലയിലാണ്. വെച്ചൂർ, തലയാഴം എന്നീ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ വെള്ളം കയറിയത് കൃഷി നാശത്തിനിടയാക്കിയേക്കും. മൂവാറ്റുപുഴയാറിന്റെ തീരപ്രദേശങ്ങളിലെ വാഴ, കപ്പ, മറ്റ് പച്ചക്കറി കൃഷി കളും വെള്ളം കയറി നശിക്കുന്ന സ്ഥിതിയാണ്.