flood

കോട്ടയം: കൊവിഡ് വ്യാപന ഭീതിയിലും ജില്ലയിൽ പ്രളയത്തിന്റെ ദുരിതകാലം . രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലായി. മണർകാട് നാലുമണിക്കാറ്റിലേത് അടക്കം ജില്ലയിൽ ഇതുവരെ മൂന്നു പേരാണ് പ്രളയ ദുരിതത്തിൽ മരിച്ചത്. മീനച്ചിലാറും മൂവാറ്റുപുഴയാറും മണിമലയാറും കരകവിഞ്ഞൊഴുകി പലയിടത്തും തീരപ്രദേശങ്ങൾ വെള്ളത്തിലായി. ദേശീയ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് ദുരന്ത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്.

വിവിധ താലൂക്കുകളിലെ 154 ദുരിതാശ്വാസ ക്യാമ്പുകളിലായി 1279 പേര്‍ കഴിയുന്നുണ്ട്. മലയോര മേഖലയിൽ പെയ്‌ത കനത്ത മഴയാണ് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയത്. രാത്രി വൈകിയും പ്രദേശത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരുമെന്നു റവന്യു അധികൃതർ അറിയിച്ചു. 2018 ലെ പ്രളയത്തിനു സമാനമായാണ് ജില്ലയിൽ പലയിടത്തും ജലനിരപ്പ് ഉയരുന്നത്. നാശനഷ്‌ടം വിലയിരുത്താന്‍ കഴിയാത്ത വിധമാണ് കൃഷി നാശം. പാലാ, ഈരാറ്റുപേട്ട ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ മുതല്‍ നിര്‍ത്താതെ മഴ പെയ്തതു നേരിയ ആശങ്കയ്ക്കു കാരണമായെങ്കിലും ഉച്ചയോടെ ശമിച്ചു. ശനിയാഴ്ച വെള്ളമിറങ്ങിയ പാലാ - ഈരാറ്റുപേട്ട റോഡില്‍ ഉള്‍പ്പെടെ വീണ്ടും വെള്ളം കയറി ഗതാഗതം തടസപ്പെടുകയും ചെയ്തു.

നെൽകർഷകർ ദുരിതത്തിൽ

കനത്ത മഴയും വെള്ളമൊഴുക്കും തുടരുന്നത് നെൽകർഷകർക്കും ദുരിതമായിട്ടുണ്ട്. കല്ലറ 110 പാടശേഖരത്തിലെ അഞ്ഞൂറ് ഹെക്‌ടർ നെൽകൃഷിയാണ് മടവീണ് നശിച്ചത്. അയ്മനം പഞ്ചായത്തിലെ കുറുവത്തറ, കല്ലുങ്കത്ര, മങ്ങാട്ട് പുത്തകരി എന്നീ പാടശേഖരങ്ങളില്‍ മട വീണതോടെ 350 ഹെക്ടറിലെ നെല്‍ച്ചെടികള്‍ വെള്ളത്തിലായി. ആര്‍പ്പൂക്കര പഞ്ചായത്തില്‍ അമ്പതു ഹെക്ടര്‍ വരുന്ന വെച്ചൂര്‍ പന്നക്കാതടം പാടശേഖരത്തിലും മടവീഴ്ചയുണ്ടായി. കോട്ടയം, മീനച്ചില്‍, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലായി ആയിരക്കണക്കിന് ഏക്കര്‍ വാഴ, പച്ചക്കറി കൃഷികളും നശിച്ചു.

ഗതാഗതം താറുമാറായി

കനത്ത മഴയിൽ ജില്ലയിലെ റോഡു ഗതാഗതവും താറുമാറായി. എം.സി.റോഡില്‍ എസ്.എച്ച് മൗണ്ട് ജംഗ്ഷൻ മുതൽ നാഗമ്പടം വരെ വെള്ളം കയറി. കോട്ടയം - കുമരകം റോഡില്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. ഇല്ലിക്കല്‍ ഭാഗത്ത് വെളളം ക്രമാതീതമായി ഉയരുകയാണ്. പാലാ - ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയും പാലാ കൊട്ടാരമറ്റം സ്റ്റാൻഡും വെള്ളത്തിലായി. ആലപ്പുഴ ചങ്ങനാശേരി റോഡിലും തലയോലപ്പറമ്പ് - വൈക്കം റോഡില്‍ വടയാര്‍ ഭാഗത്തും ഗതാഗതം തടസപ്പെട്ടു. കോട്ടയത്തു നിന്നു പടിഞ്ഞാറന്‍ ഗ്രാമങ്ങളിലേക്കുള്ള മുഴുവന്‍ വഴികളും വെള്ളത്തിലാണ്. തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ ഗ്രാമീണ പാതകളില്‍ അഞ്ചടിക്ക് മുകളിലാണ് വെള്ളം.