എലിക്കുളം: കനത്തമഴയിൽ എലിക്കുളം പഞ്ചായത്തിലെ കാരക്കുളം മേഖലയിൽ കനത്ത നാശം. കാപ്പുകയീ കിഴക്കേമല കല്ലൂർ പറമ്പിൽ രാജുവിന്റെ വീട്ടിന്റെ പിന്നിലെ മൺതിട്ട ഇടിഞ്ഞു വീണ് വീടിന്റെ വർക്ക് ഏരിയായും ടോയ്‌ലെറ്റും തകർന്നു. ആളുറുമ്പ് കളപ്പുരയ്ക്കൽ ജോസഫിന്റെ വീടിന്റെ മുൻ ഭാഗത്തുള്ള പൊന്നൊഴുകും തോടിന്റെ
സംരക്ഷണ ഭിത്തി തകർന്നു. ഇതോടെ വീട് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ആളുറുമ്പ് പടിഞ്ഞാട്ടുമല റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് പൊന്നൊഴുകും തോട്ടിലേക്ക് പതിച്ചു. ഇതോടെ പടിഞ്ഞാട്ടുമല ഭാഗത്ത് താമസിക്കുന്ന എഴുപതോളം കുടുംബങ്ങളുടെ യാത്രാമാർഗം തടസപ്പെടുമെന്ന അവസ്ഥയായി. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗല ദേവി, ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ മാത്യൂസ് പെരുമനങ്ങാട് എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.