ചങ്ങനാശേരി: കനത്തമഴയിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നതോടെ കൂട്ടനാടൻ ജനത അഭയംതേടി ചങ്ങനാശേരിയിലേക്ക്. കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടിലേയും ചങ്ങനാശേരി താലൂക്കിലെ പടിഞ്ഞാറൻമേഖലയിലേയും ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്. ഇന്നലെ ഉച്ചയോടെ പമ്പ ഡാം തുറന്നതും കുട്ടനാടാൻ മേഖലയിൽ ജലനിരപ്പ് വലിയതോതിൽ ഉയരാൻ കാരണമായി. അത്യാവശ്യരേഖകൾ കൈയിൽ കരുതിയും വളർത്തുമൃഗങ്ങളുമായാണ് കുട്ടനാട്ടിൽ നിന്നുള്ള പല കുടുംബങ്ങളും ചങ്ങനാശേരിയിലേക്ക് എത്തുന്നത്. ചങ്ങനാശേരി, തൃക്കൊടിത്താനം, മാടപ്പള്ളി, വാകത്താനം, കുറിച്ചി ഭാഗങ്ങളിലെ ബന്ധുവീടുകളിലേക്കാണ് ഇവരുടെ പാലായനം. ബോട്ട് മാർഗവും വള്ളങ്ങളിലും ടോറസ് ലോറിയിലുമൊക്കെയായാണ് ഇന്നലെ രാവിലെ മുതൽ നൂറുകണക്കിനാളുകൾ നഗരത്തിൽ എത്തിച്ചേർന്നത്. നെടുമുടി, ചമ്പക്കുളം, പുളിങ്കുന്ന്, വെളിയനാട്, കാവാലം, കിടങ്ങറ, രാമങ്കേരി മേഖലകളിൽ നിന്നുള്ളവരാണ് ഇവരിലേറയും. ഇവരെ പലരേയും കൊണ്ടുപോകാൻ ബന്ധുക്കൾ വാഹനങ്ങളുമായെത്തിയിരുന്നു. നിരവധിപ്പേർ സ്വകാര്യ ബോട്ടുകളിലും എത്തുന്നുണ്ട്. നൂറുകണക്കിനാളുകൾ വീടുകളിൽ കുടുങ്ങികിടക്കുന്നതായും സൂചനയുണ്ട്. കാവാലം,കൃഷ്ണപുരം,നാരകത്തറ,പയറ്റുപാക്ക,വാലടി പ്രദേശത്തുള്ളവർ മുളയ്ക്കാംതുരുത്തിയിലെത്തി അവിടെനിന്നുമാണ് ബന്ധുവീടുകളിലേക്ക് പോകുന്നത്. പറാൽ, വെട്ടിത്തുരുത്ത്, പൂവം, നക്രാൽ, കുറിച്ചി ആനക്കുഴി മേഖലകളിൽ നിന്നും ജനങ്ങൾ ഒഴിയുകയാണ്.
പച്ചക്കറിച്ചന്തയും വെള്ളത്തിൽ
ജലനിരപ്പ് ഉയർന്നതോടെ ചങ്ങനാശേരി പച്ചക്കറിച്ചന്തയിലും വെള്ളം കയറിതുടങ്ങി. ചന്തയോടു ചേർന്നുള്ള തോട് കവിഞ്ഞൊഴുകിയാണ് മാർക്കറ്റിലും വെള്ളം കയറിയത്. ചങ്ങനാശേരിയിൽ 10 ക്യാമ്പുകളും തുറന്നു. എ.സി റോഡ് പുറമ്പോക്ക് കോളനി, പൂവം, അംബേദ്കർ കോളനി തുടങ്ങി ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളത്തിലാണ്. പായിപ്പാട് പഞ്ചായത്തിലെ മൂലേപുതുവൽ, നക്രാൽപുതുവൽ, അറുനൂറിൽപുതുവൽ, കോമങ്കേരിച്ചിറ, എടവന്തറ, എസി കോളനി, എസി റോഡ് കോളനി, കാവാലിക്കരിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളിലും വീടുകളിലും വെള്ളംകയറി. നക്രാൽ പുതുവേലും അറുനൂറിൽ പുതുവേലും ഓറ്റപ്പെട്ട അവസ്ഥയിലാണിപ്പോൾ. രാത്രിയിൽ വീണ്ടും ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണമെന്ന് മുന്നറിയിപ്പുണ്ട്.