വൈക്കം: തോരാത്ത മഴയും മലയോര മേഖലയിൽ നിന്നുള്ള വെള്ളത്തിന്റെ വരവും വൈക്കത്തെ കൂടുതൽ പ്രദേശങ്ങളെ വെള്ളത്തിലാക്കി. വിവിധ വില്ലേജുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവിടെ 107 കുടുംബങ്ങളിൽ നിന്നായി 318 പേരാണുള്ളത്. കൂടുതൽ ക്യാമ്പുകൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് റവന്യൂ അധികൃതരും പഞ്ചായത്തുകളും.കൊവിഡിന്റെ പശ്ചാത്തലത്തിൽ അതീവ ശ്രദ്ധയോടെയാണ് ക്യാമ്പുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നത്. രോഗവ്യാപന ഭീതി മൂലം ആളുകൾ ക്യാമ്പുകളിലേക്ക് പോകാൻ മടിക്കുന്ന സ്ഥിതിയുമുണ്ട്. വൈക്കം തലയോലപ്പറമ്പ് റോഡിൽ വടയാർ പടിഞ്ഞാറേക്കരയിലും പൊട്ടൻ ചിറയിലും വെള്ളം കയറിയ നിലയിലാണ്. ടി.വി.പുരം പഞ്ചായത്തിലെ ഒട്ടാലേലം തട്ടാരുപറമ്പ് റോഡ്, തീരദേശ റോഡ് , കൊയിലേഴത്ത് റോഡ് , നമ്പിയത്ത് കോളനി റോഡ് , ചേരിക്കൽ റോഡ്, വൈക്കം മൂത്തേടത്തുകാവ് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ചില വീടുകളിൽ മരങ്ങൾ വീണ് നാശമുണ്ടായി. 30 ഓളം വീടുകളിൽ വെള്ളം കയറി. പലരും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
തലയാഴം പഞ്ചായത്തിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. വ്യാപകമായ കൃഷി നാശമാണ് പഞ്ചായത്തിലുണ്ടായത്. വനം നോർത്ത്, വനം സൗത്ത്, സി.കെ.എൻ, പനച്ചിതുരുത്ത്, കണ്ണുവള്ളിക്കരി, പാലച്ചുവട് , മൂന്നാം വേലിക്കരി, ഏനേഴം, മണ്ണാറംകണ്ടം , വട്ടൂക്കരി, മാന്നാത്ത്‌ശ്ശേരി, മൂണ്ടാർ അഞ്ച് തുടങ്ങിയ പാടശേഖരങ്ങളിലെ 600 ഓളം ഏക്കർ കൃഷി വെള്ളത്തിൽ മുങ്ങി നാശത്തിന്റെ വക്കിലാണ്. തോട്ടകം വാക്കേത്തറ റോഡ്, മോസ്‌ക്കോ റോഡ്, പുത്തൻപാലം പുന്നപ്പൊഴി റോഡ് തുടങ്ങി നിരവധി റോഡുകളും വെള്ളത്തിൽ മുങ്ങി.
വെച്ചൂർ പഞ്ചായത്തിൽ 60 ഓളം വീടുകളിൽ വെള്ളം കയറി. ശക്തമായ കാറ്റിലും മഴയിലും വ്യാപകമായി വൃക്ഷങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി നിലച്ചു. കൈപ്പുഴ മുട്ട് മഞ്ചാടിക്കരി, താനാട്ട് റോഡ്, കാമിശ്ശേരി ഈര യിൽ റോഡ്, വല്യാറ ഈരാമത്തറ റോഡ്, ശാസ്ത കുളം വാലേകടവ് , തുടങ്ങി നിരവധി റോഡുകൾ വെള്ളത്തിനടിയിലായി.